ഡല്‍ഹി: ജനങ്ങള്‍ക്കു സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടായിരിക്കണമെന്നും ഇതു ജനാധിപത്യത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിവരാവകാശ നിയമത്തിന്റെ പത്താം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ നയങ്ങള്‍ പുനഃപരിശോധിക്കാന്‍ വിവരാവകാശ നിയമത്തിനു കഴിയും. ആര്.ടി.ഐ അപേക്ഷയ്ക്കുള്ള മറുപടി കൃത്യമായും സുതാര്യമായും നല്‍കണം. അറിയുന്നതിനുള്ള അവകാശം മാത്രമല്ല ആര്.ടി.ഐ, മറിച്ചു ചോദ്യം ചെയ്യുന്നതിനുള്ളതു കൂടിയാണെന്നും മോദി വ്യക്തമാക്കി.
ഭരണനിര്‍വഹണ പ്രക്രിയയെ മികച്ചതാക്കാനാണ് ആര്.ടി.ഐ പ്രഥമമായി ഉപയോഗിക്കേണ്ടത്. ഇക്കാര്യത്തില്‍ ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കണം. ചോദ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. താന്‍ ഗുജറാത്തിലായിരുന്നപ്പോള്‍, എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ എത്ര പ്രധാനപ്പെട്ടതാണെന്നു മനസിലാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ വിശ്വാസമുണ്ടായിരിക്കണം. അതിലാണ് സുതാര്യത വേണ്ടത്. കാര്യങ്ങള്‍ ഓണ്‍ലൈനാകുമ്പോള്‍ സുതാര്യത തനിയെ വരും. വിശ്വാസവും വര്‍ധിക്കും. ഇന്നത്തെ കാലത്ത് ഒന്നിനും രഹസ്യസ്വഭാവം വേണ്ട. ഭരണരംഗത്തു കൂടുതല്‍ തുറന്ന സമീപനം സ്വീകരിക്കുന്നത് പൗരന്മാരെ സഹായിക്കുകയേ ഉള്ളൂ- അദ്ദേഹം പറഞ്ഞു.
കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേട് എങ്ങനെയാണ് ഉയര്‍ന്നുവന്നതെന്ന് നമുക്ക് അറിയാം. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാക്കി ലേലം. സ്പെക്ട്രം വില്‍പ്പനയും അങ്ങനെ തന്നെയാക്കിയെന്നും മോദി പറഞ്ഞു. നിലവില്‍ ആര്.ടി.ഐയ്ക്കു പരിധിയുണ്ടെന്ന് എനിക്കു തോന്നുന്നു. നടപടിക്രമങ്ങളെക്കുറിച്ചു നമുക്ക് അറിയാം. എന്നാല്‍ അന്തിമഫലം അറിയില്ല. വരും കാലത്ത് പ്രക്രീയയെയും അന്തിമഫലത്തെയും നമ്മള് കേന്ദ്രീകരിക്കണം- അദ്ദേഹം വ്യക്തമാക്കി.
Discussion about this post