ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസമുയര്ത്തിയ വിവാദം കെട്ടിടങ്ങുന്നതിന് മുമ്പു തന്നെ മറ്റൊരു സിനിമാതാരത്തിന്റെ കലാവിരുന്നിന് ഗെയിംസ് അരങ്ങൊരുക്കുന്നു. ചലച്ചിത്രതാരം ശോഭനയുടെ നൃത്തച്ചുവടുകളാണ് അരങ്ങേറുന്നത്. ഗെയിംസിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ചാണ് പരിപാടി.
10 മിനുട്ട് നീണ്ടു നില്ക്കുന്ന പരിപാടിക്ക് 25 ലക്ഷം രൂപയാണ് പ്രതിഫലം. ലാലിസം ഉയര്‍ത്തിയ വിവാദങ്ങളും വിമര്‍ശനങ്ങളും കണക്കിലെടുത്ത് ഇത്തരമൊരു പരിപാടിയുമായ സഹകരിക്കുന്നതില്‍ ശോഭന ആദ്യം ആശങ്ക പ്രകടിപ്പിച്ചിരുന്നു. എങ്കിലും സംഘാടകര്‍ ഇടപെട്ട് താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയായിരുന്നു.
ശോഭനയടങ്ങുന്ന അമ്പതംഗ സംഘമാകും നൃത്ത പരിപാടിക്കായി എത്തുക. സംഘത്തിന്റെ യാത്ര, ഭക്ഷണം. താമസം എന്നിവയെല്ലാം കണക്കിലെടുത്താണ് 25 ലക്ഷം രൂപ പ്രതിഫലമായി നല്‍കുന്നത്. പ്രശസ്ത പിന്നണി സംഗീത സംവിധായകനായ ശരത്താണ് നൃത്തത്തിനുള്ള പിന്നണി സംഗീതം ഒരുക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടി വിവാദമായതിനെ തുടര്‍ന്ന് ഗെയിംസിന്റെ സമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ പല കലാകാരന്മാര്ക്കും വിമുഖതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post