ഗുവാഹത്തി: അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പൊലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി. തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇരുപതുകാരനായ ബിക്കി അലിയെ പൊലീസ് കൊലപ്പെടുത്തിയത്. ആൽക്കൂട്ട ആക്രമണം ഭയന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടു വന്നത്.
പ്രതിയുടെ ശരീരത്തിൽ നാലിടത്ത് വെടിയേറ്റിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നെഞ്ചിൽ ഒരിടത്തും മുതുകിൽ മൂന്നിടത്തുമാണ് ഇയാൾക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇയാൾ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വനിതാ പൊലീസ് ഉദ്യോഗസ്ഥ ട്വിങ്കിൾ ഗോസ്വാമിയെയാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. ഇവർക്ക് കൈയ്യിലും കാലിലും പരിക്കുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിക്കി അലിയും മറ്റ് നാല് പ്രതികളും ചേർന്ന് 16 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടാമതും ഇവർ പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കി. തുടർന്ന് വിഷാദ രോഗത്തിലേക്ക് പോയ പെൺകുട്ടി കൗൺസിലിംഗിനിടെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അസമിൽ 2021 മെയ് മാസത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം 80 എൻകൗണ്ടറുകളിലായി 28 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.









