ബംഗലൂരു: ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഖാർകീവിൽ നിന്ന് മൃതദേഹം ബെംഗളൂരുവിൽ എത്തിച്ചത്. ബെംഗളൂരു വിമാനത്താവളത്തിൽ എത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നവീന് അന്ത്യാഞ്ജലി അർപ്പിച്ചു.
തുടർന്ന് മൃതദേഹം നവീന്റെ ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം എസ് എസ് മെഡിക്കൽ കോളജിനായി വിട്ടു നൽകും. മൃതദേഹം നാട്ടിലെത്തിച്ച കേന്ദ്ര സർക്കാരിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നന്ദി അറിയിച്ചു.
ഖാർകീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്ന നവീൻ ശേഖരപ്പ മാർച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്. നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
Discussion about this post