ഡൽഹി: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൊളംബോയിലേക്ക്. ശ്രീലങ്കന്‍ വിദേശ കാര്യ മന്ത്രി ജി എല്‍ പിരീസീന്‍റെ ക്ഷണപ്രകാരമാണ് തിങ്കള്‍ മുതല്‍ ബുധന്‍ വരെ ജയ്ശങ്കർ ശ്രീലങ്ക സന്ദർശിക്കുന്നത്. ശ്രീലങ്കൻ പ്രതിസന്ധി ഉഭയകക്ഷി ചര്‍ച്ചയില്‍ വിഷയമാകും.
ശ്രീലങ്കൻ സന്ദര്‍ശനത്തിന് മുന്‍പ് എസ് ജയ് ശങ്കര്‍ മാലിദ്വീപും സന്ദര്‍ശിക്കും. ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമായാൽ ഇന്ത്യയിലേക്കെത്തുന്ന അഭയാർത്ഥികളുടെ എണ്ണവും ഉയരുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടേയും തമിഴ്നാട് ക്യു ബ്രാഞ്ചിന്‍റേയും റിപ്പോർട്ട്. എന്നാൽ കടൽ കടന്നെത്തുന്ന ശ്രീലങ്കൻ സ്വദേശികളെ നിലവിലെ നയമനുസരിച്ച് ഇന്ത്യ അഭയാർത്ഥികളായി അംഗീകരിക്കില്ല.
2012ന് ശേഷം ശ്രീലങ്കയിൽ നിന്ന് എത്തുന്ന ആർക്കും ഇന്ത്യ അഭയാർത്ഥി പദവി നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം മറ്റൊരു രാജ്യത്ത് അഭയം തേടുന്നവർക്ക് അഭയാർത്ഥി പദവി നൽകാൻ നിലവിലെ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ഇന്ത്യക്ക് ബാദ്ധ്യതയില്ല. മതം, വംശം, ദേശീയത തുടങ്ങിയവയുടെ അടിസ്ഥാനത്തിലോ രാഷ്ട്രീയ കാരണങ്ങളാലോ പീഡനത്തിന് ഇരയാകുമെന്ന ഭയത്തിൽ രാജ്യം വിടുന്നവരെയാണ് 1951ലെ ജനീവ കൺവെൻഷൻ അഭയാർത്ഥിയായി നിർവചിക്കുന്നത്.
Discussion about this post