കൊല്ലം: കെ റെയിൽ സർവേക്കെതിരെ കൊല്ലം തഴുത്തലയില്‍ പ്രതിഷേധം. പ്രദേശത്ത് ഇന്നു രാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. കല്ലിടല്‍ നടപടി തുടങ്ങുന്നതിന് മുമ്പായി അജയ് കുമാര്‍ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നു വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
വീടിന്റെ ഭിത്തിയില്‍ ജില്ലാ ജഡ്ജിക്ക് തന്റെ മരണമൊഴിയെന്ന പേരില്‍ ആത്മഹത്യാ കുറിപ്പും അജയ് കുമാർ എഴുതി വെച്ചു. തഴുത്തലയില്‍ കഴിഞ്ഞ തവണ ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയപ്പോഴും ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇന്ന് വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇയാളെ പിന്തിരിപ്പിച്ചു. തുടർന്ന് വീട്ടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും അജയ് കുമാര്‍ ആത്മഹത്യാ ഭീഷണി തുടർന്നു.
കെ റെയിൽ സര്‍വേ നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരെ കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പ്രദേശത്തേക്ക് കെ-റെയില്‍ കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞിട്ടിരിക്കുകയാണ്. വാഹനം കടത്തിവിടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
നാട്ടുകാർക്ക് പിന്തുണയുമായി ബിജെപി- യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.












