ഡല്‍ഹി: ചാണക്യപുരിയിലെ ലൂട്ടിയന്‍സ് ബംഗ്ലാവ് സോണിലെ കോണ്‍ഗ്രസിന്റെ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സില്‍ നിന്ന് പാര്‍ട്ടിക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചു. തലസ്ഥാനത്തെ ഈ എസ്റ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കാണ് നല്‍കിയിരിക്കുന്നതെന്ന് ഔദ്യോഗിക രേഖകളില്‍ പറയുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ഉന്നത സഹായിയും രാഹുല്‍ ഗാന്ധിയോട് വളരെ അടുപ്പം പുലര്‍ത്തിയിരുന്നതുമായ വിന്‍സെന്റ് ജോര്‍ജ്ജ് ഏറെക്കാലം ഇവിടെ താമസിച്ചിരുന്നു.
ഈ ബംഗ്ലാവിന്റെ കുടിശ്ശികയായി 3.08 കോടി രൂപയാണ് പാര്‍ട്ടി സര്‍ക്കാരിന് അടയ്ക്കാനുള്ളത്. 2013 ഓഗസ്റ്റിലാണ് സി-II/109 എന്ന ഈ ബംഗ്ലാവിന്റെ വാടക അവസാനമായി അടച്ചത്. കോണ്‍ഗ്രസിന്റെ ഓഫീസ്, സോണിയയുടെ ഔദ്യോഗിക വസതി, ഈ ബംഗ്ലാവ് എന്നീ ബംഗ്ലാവുകളുടെ വാടക കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ കോണഗ്രസിന് നോട്ടീസ് നല്‍കിയിരുന്നു.
2013 ജൂണില്‍ താമസത്തിനുള്ള അലോട്ടമെന്റ് റദ്ദാക്കിയതിനാല്‍ ഇപ്പോള്‍ അപ്പാര്‍ട്ട്മെന്റ് അനധികൃത അധിനിവേശത്തിന് (അണ്‍ഓതറൈസ്ഡ് ഒക്കുപ്പേഷന്‍) കീഴിലാണെന്ന് ഡയറക്ടറേറ്റ് നോട്ടീസില്‍ പറയുന്നു. നോട്ടീസ് പ്രകാരം മൂന്ന് പ്രവൃത്തി ദിവസത്തിനകം മറുപടി നല്‍കാനാണ് ഡയറക്ടറേറ്റ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2020-ല്‍ പ്രിയങ്കാ ഗാന്ധിയെ ലോധി എസ്റ്റേറ്റ് സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ നാല് പ്രധാന ബംഗ്ലാവുകളില്‍ നിന്ന് പാര്‍ട്ടിയെ പുറത്താക്കാനുള്ള പഴയ നിര്‍ദ്ദേശം എസ്റ്റേറ്റ് ഡയറക്ടറേറ്റ് തിരികെ കൊണ്ടു വന്നിരുന്നു. സി-II/109 ബംഗ്ലാവിനൊപ്പം പാര്‍ട്ടി ആസ്ഥാനമായ 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് സേവാ ദല് ഓഫീസ്, 26 അക്ബര്‍ റോഡിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
Discussion about this post