ഇടുക്കി: തൊടുപുഴയില്‍ മക്കളെ ക്രൂരമായി ഉപദ്രവിച്ച് വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി. ഉടുമ്പന്നൂര്‍ സ്വദേശി ബിബിനാണ് ജോലിക്കരിയായ മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. രണ്ട് മക്കളെ പരിചരിക്കാനായാണ് ഇവരെ വീട്ടില്‍ നിര്‍ത്തിയത്. എന്നാല്‍ ജോലിക്കെത്തി മൂന്നാം ദിവസം തന്നെ ഇവര്‍ കുട്ടികളെ മര്‍ദ്ദിക്കുകയായിരുന്നു.
അഞ്ചര വയസുള്ള പെണ്‍കുട്ടിയെയും നാലര വയസുള്ള ആണ് കുട്ടിയേയും നോക്കാനായിട്ടാണ് തൊടുപുഴയിലുള്ള ഒരു ഏജന്റ് വഴി വീട്ടുജോലിക്കാരിയെ ഏര്‍പ്പെടുത്തിയത്. കുട്ടികളുടെ അമ്മ വിദേശത്തായതിനാലാണ് കുട്ടികളെ പരിചരിക്കാന്‍ ആളെ നിര്‍ത്തിയത്. കഴിഞ്ഞ ദിവസം ബിബിന്‍ മലയാറ്റൂരില്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്താണ് കുട്ടികള്‍ക്ക് നേരെ അതിക്രമം നടന്നത്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച സമയത്താണ് വീട്ടില്‍ ആളില്ലാത്ത സമയത്ത് കുട്ടികളെ എടുത്ത് എറിയുന്നതും മര്‍ദ്ദിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് പിതാവ് പൊലീസിനെ സമീപിച്ചത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ബിബിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
അഞ്ചുവയസുകാരിയെ കൈയില്‍ തൂക്കി എടുത്ത് എറിയുന്ന ദൃശ്യങ്ങളാണ് കണ്ടത്. ഇതിനെക്കുറിച്ച് ജോലിക്കാരിയോട് ചോദിച്ചപ്പോള്‍ അവര്‍ ദേഷ്യപ്പെടുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
Discussion about this post