കൊല്ലം: പാരിപ്പള്ളിയിൽ സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചത് ചോദ്യം ചെയ്ത ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറെ ഓടിച്ചിട്ട് തല്ലി. പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജംഗ്ഷനിലായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി.
കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. ബഹളം കേട്ട് നാട്ടുകാർ ഒരു വീട്ടിലാക്കിയെങ്കിലും അക്രമികൾ വീണ്ടുമെത്തി മർദ്ദിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇന്‍സ്‌പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ.എന്‍.നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.












