ഡൽഹി: ബീർഭൂം കലാപത്തിന് കാരണമായതെന്ന് കരുതപ്പെടുന്ന ആദ്യ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് നേതാവ് ഭാദു ഷെയ്ഖിനെ സ്വന്തം പാർട്ടിക്കാർ തന്നെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
നേതാവിനെതിരെ പ്രതികൾ ഒന്നിന് പിറകെ ഒന്നായി ബോംബുകൾ എറിയുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മോട്ടോർ സൈക്കിളിൽ വന്ന അക്രമിയാണ് ബോംബ് എറിയുന്നത്. ആദ്യ ബോംബ് ഭാദു ഷെയ്ഖിന് നേർക്കാണ് എറിയുന്നത്. രക്ഷപ്പെടുത്താൻ ആരും വരാതിരിക്കാൻ വേണ്ടി രണ്ടാമത്തെ ബോംബ് സമീപത്തേക്കാണ് എറിയുന്നത്. മൂന്നാമത്തെ ബോംബ് വീണ്ടും ഭാദു ഷെയ്ഖിന്റെ ശരീരത്തിലേക്കാണ് എറിയുന്നത്.
ഭാദു ഷെയ്ഖിന്റെ കൊലപാതകത്തെ തുടർന്നാണ് ബീർഭൂമിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ 11 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിൽ 6 പേർ സ്ത്രീകളും 2 പേർ കുട്ടികളുമാണ്. ഇവരെ വീടുകൾക്കുള്ളിൽ പൂട്ടിയിട്ട് നാലുപാട് നിന്നും തീ കൊളുത്തുകയായിരുന്നു. ഇവിടെയും തൃണമൂൽ പ്രവർത്തകർ തന്നെയായിരുന്നു പ്രതികൾ.
രാഷ്ട്രീയ കൊലപാതകങ്ങൾ നിത്യസംഭവമായ ബംഗാളിൽ ക്രമസമാധാനം ഇല്ലാതായതായി ബിജെപിയും കോൺഗ്രസും ആരോപിച്ചിരുന്നു. മമത സർക്കാരിനെ പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച വിവരിച്ച് ബിജെപി എം പിമാർ പ്രധാനമന്ത്രിയെ കാണുകയും ചെയ്തിരുന്നു.









Discussion about this post