ശ്രീനഗര്‍: വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഇതിന് പ്രേരിപ്പിച്ച രണ്ടുപേരടക്കം 13 പേരെ ജമ്മു-കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധങ്ങള്‍ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. കോവിഡ് കാരണം രണ്ട് വര്‍ഷത്തോളം അടച്ചിട്ടിരുന്ന ശ്രീനഗറിലെ പഴയ നഗരത്തിലെ മസ്ജിദ് കഴിഞ്ഞ മാസമാണ് പ്രാര്‍ഥനക്കായി തുറന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ രാജ്യദ്രോഹം, അതിക്രമിച്ചുകയറല്‍, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ പ്രകാരം നൗഹട്ട പൊലീസാണ് കേസെടുത്തത്.
ഹവാല്‍ നൗഹട്ടയിലെ ബശാരത് നബി ഭട്ട്, നൗഹട്ടയിലെ ഉമര്‍ മന്‍സൂര്‍ ശൈഖ് എന്നിവരാണ് മുദ്രാവാക്യം വിളിക്കാന്‍ പ്രേരിപ്പച്ചതെന്ന് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, അനന്ത്നാഗില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കർ ഇ ത്വയ്യിബ ഭീകരന് കൊല്ലപ്പെട്ടു.
തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സിര്ഹാമ മേഖലയില്‍ സുരക്ഷ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ സുരക്ഷ സേനക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നും ലശ്കറെ ത്വയ്യിബയിലെ പ്രാദേശിക ഭീകരനാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. അതിനിടെ, കുല്‍ഗാം ജില്ലയിലെ ഡി.എച്ച് പോരയിലുള്ള ചകി സമദ് മേഖലയില്‍ മറ്റൊരു ഏറ്റുമുട്ടലും നടന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Discussion about this post