പുത്തൂർ: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നടുറോഡിൽ മർദ്ദനം. ഓവർ ടേക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കാർ യാത്രികരായ എസ്ഐയും കുടുംബവും ബൈക്ക് യാത്രികരായ യുവാക്കളും തമ്മിലായിരുന്നു തർക്കവും വാക്കേറ്റവും സംഘട്ടനവും.
കാർ യാത്രികരായ കുണ്ടറ സ്പെഷൽ ബ്രാഞ്ച് എസ്ഐ പേരയം അമ്പിയിൽ വൈഷ്ണവത്തിൽ എസ്.സുഗുണൻ (55), മകൻ അമൽ (23) എന്നിവരും ബൈക്ക് യാത്രികരായ എസ്എൻപുരം ബഥേൽ ഹൗസിൽ ജിബിൻ ജോൺസൺ (29), തെക്കുംപുറം കെ.ജെ.ഭവനിൽ ജിനു ജോൺ (25) എന്നിവരും തമ്മിലായിരുന്നു തർക്കവും വാക്കേറ്റവും സംഘട്ടനവും.
സംഘട്ടനത്തിൽ തലയ്ക്കു ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റു പരുക്കു പറ്റിയ അമലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ സുഗുണനും മർദനമേറ്റു. ഭാര്യ പ്രീത (45)യെ നടുറോഡിൽ തള്ളിവീഴ്ത്തുകയും ചെയ്തു.
യുവാക്കളെ ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്ഐയെയും കുടുംബത്തെയും ആക്രമിച്ചു പരുക്കേൽപിച്ചതിന് ഇവർക്കെതിരെയും യുവാക്കളെ ആക്രമിച്ചതിന് എസ്ഐക്കും മകനുമെതിരെയും പൊലീസ് കേസ് എടുത്തു. ഇന്നലെ രാവിലെ ഒൻപതോടെ പുത്തൂർ ചന്തമുക്കിലായിരുന്നു സംഭവം.
ഇരുവാഹനങ്ങളും ചീരങ്കാവ് റോഡിലൂടെ പുത്തൂർ ഭാഗത്തേക്കു വരികയായിരുന്നു. ഇടയ്ക്കു പവിത്രേശ്വരം ഭാഗത്തു വച്ചു കാർ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ബൈക്ക് യാത്രികർ എസ്ഐയെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. തുടർന്ന് എസ്ഐയുടെ മകൻ യുവാക്കളുടെ ചിത്രം മൊബൈലിൽ പകർത്തി.
പുത്തൂർ ചന്തമുക്കിലെത്തിയപ്പോൾ യുവാക്കൾ, ഫോട്ടോ എടുത്തതിനെ ചോദ്യംചെയ്യുകയും ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടാകുകയുമായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സമാനമായ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർക്കും കൊല്ലത്ത് മർദ്ദനമേറ്റിരുന്നു.
Discussion about this post