തൃശൂർ: സി ഐ ടി യുവിന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്ത ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തു. സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച തൃശൂർ പീച്ചി സ്വദേശി കോലഞ്ചേരി വീട്ടിൽ കെ.ജി. സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് വ്യക്തമാക്കി സജി എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
രണ്ട് പ്രമുഖ സിപിഎം നേതാക്കൾക്കെതിരെ സജിയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സജിക്ക് സിപിഎം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാരിൽ നിന്ന് നേരിട്ട് ഭീഷണി ഉണ്ടായിരുന്നതായി സഹോദരൻ പറഞ്ഞു.
പൊതുകാര്യ പ്രസക്തനായ യുവാവായിരുന്നു സജിയെന്ന് നാട്ടുകാർ പറഞ്ഞു. സജി ആദ്യം സിഐടിയു യൂണിയനിലായിരുന്നു. ബ്രാഞ്ച് സെക്രട്ടറി പാലം പണിയുടെ പേരിൽ പണം പിരിക്കാറുണ്ടായിരുന്നു. സജി ഉൾപ്പടെയുള്ള ചിലർ ഇത് ചോദ്യം ചെയ്തിരുന്നുവെന്നും തുടർന്നാണ് സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ചതെന്നും നാട്ടുകാർ പറഞ്ഞു.
നേതാക്കളുടെ താൻപോരിമക്കെതിരെ പീച്ചിയിലെ സി.ഐ.ടി.യു യൂണിറ്റിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സി.ഐ.ടി.യു പ്രവർത്തകർ യൂണിയൻ വസ്ത്രവും ബഹിഷ്കരിച്ചിരുന്നു. സി.ഐ.ടി.യു. ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു.
പാർട്ടി നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. എന്നാൽ ചില തൊഴിലാളികൾ പിന്നീട് പാർട്ടിപക്ഷത്തേക്ക് മാറിയതോടെ സജിയെ തൊഴിലിൽ ഒറ്റപ്പെടുത്തി ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.












