ഡൽഹി: തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങിയേക്കുമെന്ന് കേന്ദ്ര സർക്കാരിലെ വിശ്വസനീയ വൃത്തങ്ങളെ കേന്ദ്രീകരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോപ്പുലർ ഫ്രണ്ടിന് പങ്കാളിത്തമുള്ള സാമൂഹ്യ വിരുദ്ധ- ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആഭ്യന്തര മന്ത്രാലയം വർഷങ്ങളായി നിരീക്ഷിച്ചു വരികയാണ്.
തീവ്ര ഇസ്ലാമിക സംഘടനയായ സിമിയുടെ നിരോധനത്തെ തുടർന്ന് 2006ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടത്. ഇതിന്റെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐ 2009ൽ രൂപീകരിക്കപ്പെട്ടു. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ 2021ൽ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം അനിവാര്യമാണെന്ന് വിവിധ സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന കലാപത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പങ്ക് ഇന്നും ദേശീയ ഏജൻസികൾ അന്വേഷിച്ചു വരികയാണ്. രാജസ്ഥാനിലെ കരൗളി കലാപത്തിലും പോപ്പുലർ ഫ്രണ്ട് സാന്നിദ്ധ്യം വ്യക്തമായിരുന്നു.
പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എൻ ഐ എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം. സിമിയുടെ നേതാക്കൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചതായി എൻ ഐ എ കണ്ടെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കലാപത്തിന് വേണ്ടി വിദേശ വിനിമയ ചട്ടം ലംഘിച്ച് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പണം സ്വരൂപിച്ച കേസുകളും നിലവിൽ കോടതികളിലാണ്.
കേരളത്തിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതക പരമ്പര, ജോസഫ് മാഷിന്റെ കൈവെട്ടിയ കേസ്, യുവമോർച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ്, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കലാപം നടത്തിയ കേസ്, എൻ ഐ എ അന്വേഷിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ലൗ ജിഹാദ് കേസുകൾ, വിവിധ വർഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയിലെ പോപ്പുലർ ഫ്രണ്ടിന്റെ പങ്കിനെക്കുറിച്ച് നിലവിൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post