പാകിസ്ഥാനി ഗാനം കേൾക്കുകയും ഇന്ത്യയെക്കുറിച്ച് മോശം പരാമർശം നടത്തുകയും ചെയ്ത സംഭവത്തിൽ ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മുസ്ലിം ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. 16, 17 വയസുള്ള കുട്ടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് കസ്റ്റഡിയിലെടുത്തു. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പ്രദേശവാസിയായ ആശിഷ് എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭൂട്ട പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ബറേലി ജില്ലയിലെ സിംഗായി മുര്‍വാനില്‍ പലചരക്ക് കട നടത്തുകയാണ് കൗമാരക്കാര്‍. പരാതിക്കാരന് ഇവര്‍ മൊബൈലില്‍ പാട്ട് കേള്‍ക്കുന്നത് വീഡിയോയില്‍ പകര്‍ത്തി. പാക് ബാലതാരമായ ആരിഫിന്റെ ”പാകിസ്താന് സിന്ദാബാദ്’ എന്ന ഗാനമാണ് കുട്ടികള്‍ കേട്ടത്. ഇരുവരോടും പാട്ടുകള്‍ കേള്‍ക്കുന്നത് നിര്‍ത്താന്‍ പരാതിക്കാരന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഇന്ത്യയെ കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയെന്നും എഫ്ഐആറില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ബറേലി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാജ്കുമാര് അഗര്‍വാള്‍ അറിയിച്ചു.
Discussion about this post