കോരാപുട്ട് : മൊബൈലില്‍ ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 12 വയസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു.
ഒഡിഷയിലെ കോരാപുട്ട് ജില്ലയില്‍ മസ്തിപുട്ട് ഗ്രാമത്തിലെ ലുലു ഭോയ് എന്ന ഏഴാം ക്ലാസുകാരനെയാണ്സുഹൃത്തുക്കള് കല്ലെറിഞ്ഞു കൊലപ്പെടുത്തിയത്. സ്കൂളിന് സമീപത്തുവച്ചാണ് ലുലുവും രണ്ട് സുഹൃത്തുക്കളും മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരുന്നത്. ഗെയിമില്‍ തോറ്റ ലുലുവിന്റെ ഫോണ്‍ സുഹൃത്തുക്കള്‍ കളിക്കാനായി ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിന് ലുലു തയാറാകാത്തതോടെ മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി.തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ലുലുവിന്റെ തല കല്ലുകൊണ്ട് എറിഞ്ഞും അടിച്ചും തകര്‍ത്തു. ഗുരുതരമായി തലയ്ക്കടിയേറ്റ ലുലു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സുഹൃത്തുക്കള്‍ പിന്നീട് ലുലുവിന്റെ മൃതദേഹം നദിക്കരയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ മകന്റെ മൃതദേഹം പിതാവാണ് തിരിച്ചറിഞ്ഞത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post