മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കാരെ തിരിച്ചു വിളിച്ച ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഋഷഭ് പന്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ. പന്തിന്റെ നടപടി മര്യാദകൾക്ക് നിരക്കാത്തതാണെന്നാണ് പൊതുവിലുള്ള വിമർശനം.
മത്സരത്തിന്റെ അവസാന ഓവറിലെ നിർണായകമായ പന്ത് നോബോൾ ആണെന്ന് ഡൽഹി താരങ്ങൾ അപ്പീൽ ചെയ്തു. എന്നാൽ ഫീൽഡ് അമ്പയർമാർ അത് അനുവദിച്ചില്ല. തുടർന്ന് ബാറ്റ്സ്മാന്മാരോട് തിരികെ വരാൻ പന്ത് ആംഗ്യം കാട്ടി. എന്നാൽ ഡൽഹി സഹപരിശീലകൻ ഷെയ്ൻ വാട്സൺ ഇടപെട്ട് പന്തിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
പന്തിന്റെ നടപടി ഉൾക്കൊള്ളാൻ ആവാത്തതാണ് എന്നായിരുന്നു മുൻ ഇംഗ്ലണ്ട് ക്യാപ്ടൻ കെവിൻ പീറ്റേഴ്സന്റെ പ്രതികരണം. മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗ് മൈതാനത്ത് ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പന്തിന്റെ പ്രതികരണത്തിനെതിരെ ഡൽഹി ഡഗ്ഗൗട്ടിന് സമീപം ഫീൽഡ് ചെയ്യുകയായിരുന്ന രാജസ്ഥാൻ താരം ജോസ് ബട്ട്ലറും രംഗത്ത് വന്നിരുന്നു.
പന്തിന്റെ പ്രവൃത്തി മോശം സ്പോർട്ട്സ്മാൻ സ്പിരിറ്റിന് ഉദാഹരണമാണ് എന്നായിരുന്നു മുൻ ഇന്ത്യൻ ക്യാപ്ടൻ മുഹമ്മദ് അസറുദ്ദീന്റെ പ്രതികരണം. അവസാന ഓവറിൽ ജയിക്കാൻ 36 റൺസ് വേണമെന്നിരിക്കെ ഡൽഹിയുടെ വെസ്റ്റ് ഇൻഡീസ് താരം റോവ്മാൻ പവൽ മക്കോയ് എറിഞ്ഞ മൂന്ന് പന്തുകൾ സിക്സർ പായിച്ച് വിജയ പ്രതീക്ഷ നൽകി. ഇതിലെ മൂന്നാം പന്ത് അരക്കെട്ടിന് മുകളിൽ എറിഞ്ഞതിനാൽ നോബോൾ വിളിക്കണം എന്നായിരുന്നു ഡൽഹി താരങ്ങളുടെ ആവശ്യം.
എന്നാൽ പന്ത് നോബോൾ ആകാൻ പകുതി സാദ്ധ്യത മാത്രമേ ഉള്ളൂവെന്ന് കമന്റേറ്റർമാർ വിലയിരുത്തി. സമാനമായ അഭിപ്രായം രേഖപ്പെടുത്തിയ അമ്പയർമാർ ആനുകൂല്യം ബൗളർക്ക് നൽകുകയായിരുന്നു. വിവാദത്തിന് ശേഷം മനസാന്നിദ്ധ്യം നഷ്ടപ്പെട്ട പവൽ റൺസ് കണ്ടെത്താൻ വിഷമിക്കുകയും അവസാന പന്തിൽ പുറത്താകുകയുമായിരുന്നു. ഇതോടെ രാജസ്ഥാൻ 15 റൺസ് വിജയവും ആഘോഷിച്ചു.
മത്സരത്തിന് ശേഷം ഡൽഹി താരങ്ങൾ രാജസ്ഥാൻ താരങ്ങൾക്ക് കൈ കൊടുക്കാനും തയ്യാറായില്ല. ഈ സാഹചര്യത്തിൽ ഡൽഹി താരങ്ങൾക്ക് ഐപിഎൽ വൻ തുക പിഴയും വിധിച്ചു. ഡൽഹി ക്യാപ്ടൻ റഷഭ് പന്ത്, കളിക്കാരൻ ശാർദുൽ താക്കൂർ, അസിസ്റ്റന്റ് കോച്ച് പ്രവീൺ ആമ്രെ തുടങ്ങിയവർ ഐപിഎൽ പെരുമാറ്റ മര്യാദകൾ ലംഘിച്ചതായി കണ്ടെത്തി.
റഷഭ് പന്തിനും ആമ്രേക്കും മത്സര പ്രതിഫലത്തിന്റെ നൂറ് ശതമാനവും ശാർദുലിന് അമ്പത് ശതമാനവുമാണ് ഐപിഎൽ അച്ചടക്ക സമിതി പിഴ വിധിച്ചത്. മത്സരത്തിനിടെ അനധികൃതമായി ഗ്രൗണ്ടിൽ ഇറങ്ങിയ പ്രവീൺ ആമ്രേക്ക് ഒരു മത്സരത്തിൽ വിലക്കും ഏർപ്പെടുത്തി.
Discussion about this post