മുംബൈ: പത്മശ്രീ നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പറ്റിച്ചുവെന്ന് യെസ് ബാങ്ക് കേസിൽ അറസ്റ്റിലായ മുൻ ചെയർമാൻ റാണാ കപൂർ. പ്രിയങ്ക ഗാന്ധിയിൽ നിന്നും രണ്ട് കോടി രൂപ മുടക്കി എം എഫ് ഹുസൈന്റെ ചിത്രം വാങ്ങിയത് വെറുതെയായെന്നും റാണ പറഞ്ഞു. പ്രിയങ്ക ഗാന്ധിയിൽ നിന്നും ചിത്രം വാങ്ങിയത് കോൺഗ്രസ് നേതാവ് മുരളി ദേവ്റ നിർബന്ധിച്ചിട്ടാണെന്നും റാണ കപൂർ ഇഡിക്ക് മൊഴി നൽകി.
പത്മ പുരസ്കാരം കിട്ടാൻ ചിത്രം വാങ്ങുന്നത് സഹായിക്കുമെന്ന് മുരളി ദേവ്റ ഉറപ്പ് നൽകി. ചിത്രം വാങ്ങിയ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും പത്മപുരസ്കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സഹസ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കും മറ്റുള്ളവർക്കുമെതിരെ ഇഡി സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിക്കെതിരെയും മുരളി ദേവ്റക്കുമെതിരെയുള്ള മൊഴികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോൺഗ്രസ് നേതാവ് മുരളി ദേവ്റ ആവശ്യപ്പെട്ട പ്രകാരം രണ്ട് കോടി രൂപയുടെ ചെക്ക് നൽകി. ചിത്രം തനിക്ക് വിറ്റു കിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചതായി മുരളി ദേവ്ര അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ മകൻ മിലിന്ദ് ദേവ്റ പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂർ വ്യക്തമാക്കി.
ചിത്രം വാങ്ങാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ നിർബന്ധത്തെ തുടർന്നാണ് രണ്ട് കോടി നൽകി ചിത്രം വാങ്ങിയതെന്നും റാണ പറഞ്ഞു. സോണിയയുടെ ചികിത്സക്ക് അനുയോജ്യമായ സമയത്ത് ഗാന്ധി കുടുംബത്തെ സഹായിച്ചെന്നും തന്നെ വേണ്ടരീതിയിൽ പരിഗണിക്കുമെന്നും സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ തന്നോട് പറഞ്ഞതായും റാണ വെളിപ്പെടുത്തിയതായി ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.










