പീഡനക്കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് കൊച്ചി സിറ്റി പൊലീസ്. നിലവില്‍ ദുബായിലുള്ള വിജയ് ബാബു ഏതെങ്കിലും വിമാനത്താവളങ്ങള്‍ വഴിയോ കപ്പല്‍ വഴിയോ കടക്കാന്‍ ശ്രമിച്ചാല്‍ പിടികൂടി അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
അതിനിടെ, കേസില്‍ പൊലീസ് വിശദമായ തെളിവ് ശേഖരണം നടത്തിയിട്ടുണ്ട്. പീഡനം നടന്നതായി ആരോപിക്കുന്ന വിവിധയിടങ്ങളിലാണ് പൊലീസ് തെളിവ് ശേഖരണം നടത്തിയത്. കൊച്ചി കടവന്ത്രയിലെ ആഡംബര ഹോട്ടല്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവിടെനിന്ന് സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചതായാണ് വിവരം.
2022 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ വിജയ് ബാബു ലൈംഗികമായി ചൂഷണംചെയ്തെന്നും പലതവണ ബലാത്സംഗം ചെയ്തെന്നുമാണ് യുവനടിയുടെ പരാതി. ലഹരി നല്കി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും ലൈംഗികത നിരസിച്ചപ്പോള്‍ ഉപദ്രവിച്ചെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ബലാത്സംഗത്തിനു പുറമെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ പരാതിക്കാരിക്കെതിരെയിട്ട വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്ത് വിജയ് ബാബു ഒളിവില്‍ പോയി.
നടിയുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണു കണക്കുകൂട്ടല്‍.
Discussion about this post