കാബൂള്‍: റംസാന് മാസത്തിലെ അവസാന വെളളിയാഴ്ച കാബൂളിലെ ഖലീഫ സാഹിബ് പളളിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ടെലഗ്രാം സന്ദേശത്തിലൂടെയാണ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഐഎസ് സ്ഥിരീകരിച്ചത്.
കാബൂളില്‍ സെക്ടര്‍ 6-ല്‍ ഒരു ബസില്‍ ബോംബ് വച്ചതായി സന്ദേശത്തിലുണ്ട്. പ്രദേശത്തെ ന്യൂനപക്ഷ വിഭാഗമായ സൂഫി വിഭാഗത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് സൂചനയുണ്ട്. പത്തുപേരാണ് പളളിയില്‍ സ്ഫോടനത്തില്‍ മരിച്ചത്. വെളളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടയിലായിരുന്നു സ്ഫോടനം.
മുപ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തില്‍ പളളിയുടെ മച്ച് പൂര്‍ണമായും തകര്‍ന്നുപോയി. ഈ ഭാഗം വീണും കുറച്ചുപേര്‍ക്ക് പരിക്കേറ്റു.
ശക്തമായ സ്ഫോടനമാണ് ഉണ്ടായതെന്നും പൊട്ടിത്തെറിയില്‍ പള്ളിയും പരിസര പ്രദേശങ്ങളും വല്ലാതെ കുലുങ്ങിയെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസങ്ങളിലായി കാബൂളില്‍ സ്ഫോടന പരമ്പരയാണ് അരങ്ങേറുന്നത്. ഇതില്‍ ചിലതിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
Discussion about this post