ചണ്ഡീഗഡ്: മൊഹാലിയില്‍ പഞ്ചാബ് പൊലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് തിങ്കളാഴ്ച രാത്രി നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ ഒരു കിലോമീറ്റര്‍ അകലെ നിന്ന് റഷ്യന്‍ നിര്‍മിത റോക്കറ്റ് ലോഞ്ചര്‍ കണ്ടെടുത്തു.
സ്ഫോടനത്തില്‍ ഇന്റലിജന്‍സ് ആസ്ഥാനത്തെ ജനല്‍ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല. മൊഹാലി പൊലീസ് പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം തിങ്കളാഴ്ച രാത്രി 7.45ഓടെയാണ് സ്ഫോടനം നടന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
കാറിലെത്തിയ രണ്ടു പേര് ചേര്‍ന്നാണ് ഇന്റലിജന്‍സ് ആസ്ഥാനത്ത് ആര്.പി.ജി വിക്ഷേപിച്ചതെന്ന് പൊലീസ് പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍, ആയുധങ്ങള്‍, മയക്കുമരുന്നുകള്‍ എന്നിവ ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ചതിന് ഖലിസ്താന്‍ അനുകൂല പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സംഭവത്തില്‍ പ്രതികരിച്ചു.
Discussion about this post