ഡൽഹി: മുന്‍ എം പിമാരുടെ പെന്ഷന് വ്യവസ്ഥയില്‍ മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. പെന്ഷന് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇനി മുതല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഫലം വാങ്ങുന്നവര്‍ക്ക് എം പി പെന്ഷന് ലഭിക്കില്ല. പെന്ഷന് വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷയില്‍ വേറെ പദവികളൊന്നും വഹിക്കുന്നില്ലെന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും വ്യക്തമാക്കണം.
സര്‍ക്കാരിന്റെ ശമ്പളവും ആനുകൂല്യങ്ങളും നേടുന്നവര്‍ക്ക് അതിനൊപ്പം എം പി പെന്ഷന് വാങ്ങാന്‍ കഴിയില്ലെന്ന തീരുമാനിച്ചത് പാര്‍ലമെന്റിന്റെ സംയുക്ത സമിതി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ്. ചര്‍ച്ചയ്ക്ക് ശേഷം ലോക്സഭാ സ്പീക്കറുടെയും ഉപരാഷ്ട്രപതിയുടെയും അനുമതിയോടെയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
പെന്ഷന് ലഭിക്കുന്നതിന് വേണ്ടി എംപിമാര്‍ രാജ്യസഭയിലെയോ, ലോക്സഭയിലെയോ സെക്രട്ടറി ജനറല്‍മാര്‍ക്ക് അപേക്ഷ നല്‍കണം. വ്യക്തി വിവരങ്ങള്‍, എംപിയായിരുന്ന കാലയളവ് എന്നിവ നല്കിയ ശേഷമാണ് മറ്റു പദവികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കേണ്ടത്. രാഷ്ട്രപതി, ഉപരാഷ്ട്രപതിയോ, ഗവര്‍ണറോ ആകരുതെന്നും നിലവില്‍ രാജ്യസഭാ, ലോക്സഭാ എംപിയോ, നിയസഭാംഗമോ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമോ ആകരുതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
എം പി പെന്ഷന് വേണ്ടി അപേക്ഷ നല്കുന്നയാള് കേന്ദ്രസര്‍ക്കാരിന്റെയോ, സംസ്ഥാനസര്‍ക്കാരിന്റെയോ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ കോര്‍പ്പറേഷനുകളുടെയോ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ആകരുത്. തദ്ദേശസ്ഥാപനങ്ങളുടെ പ്രതിഫലം കൈപ്പറ്റുന്നവരും ആകരുത്. ഇത്തരം കാര്യങ്ങളാണ് അപേക്ഷയോടൊപ്പം വ്യക്തമാക്കേണ്ടത്. മുന്‍ എംപിക്ക് ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഓരോ വര്‍ഷത്തിനും 2,000 രൂപ വീതവുമാണ് പ്രതിമാസ പെന്ഷന് ലഭിക്കുക.
Discussion about this post