ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ എടിഎം മെഷീൻ കവർച്ച തടഞ്ഞ വളർത്തുനായ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ചൗപരൻ പോലീസ് സ്‌റ്റേഷനിലെ ചൈതി ഗ്രാമത്തിലെ എടിഎം മോഷണമാണ് വളർത്തുനായയുടെ ഇടപെടലോടെ ഇല്ലാതായത്. ജിടി റോഡിലെ ഒരു വീടിന്റെ താഴത്തെ നിലയിൽ സ്ഥിതിചെയ്യുന്ന ആക്‌സിസ് ബാങ്ക് എടിഎമ്മിൽ ആണ് രാത്രിയിൽ ഒരു സംഘം കവർച്ച നടത്താനെത്തിയത്. ഗ്യാസ് കട്ടറുകളും എൽപിജി സിലിണ്ടറുകളും ചുറ്റികകളുമായി ഒരു സംഘം കവർച്ചക്കാർ എടിഎം സെൻററിൽ എത്തി.
സുധീർ ബർൺവാളിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എടിഎം സ്ഥിതിചെയ്യുന്നത്. കവർച്ചക്കാർ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ആരംഭിച്ചപ്പോൾ ബർൺവാളിന്റെ വളർത്തുനായ സാംബ കുരയ്ക്കാൻ തുടങ്ങി. കുരച്ച് ബഹളം വെച്ച് ഉടമയെയും അയൽക്കാരെയും അറിയിക്കുകയായിരുന്നു സാംബയുടെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.
ആളുകൾ ഉണർന്നതോടെ കവർച്ചക്കാർ മോഷണ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു . എടിഎമ്മിൽ 27 ലക്ഷം രൂപയുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മോഷ്ടാക്കൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സമാനമായ മറ്റൊരു സംഭവം 2020-ൽ ഗുജറാത്തിൽ വഡോദരയിലെ മഞ്ജൽപൂരിൽ നടന്നിരുന്നു. അവിടെയും മോഷണ ശ്രമം തടഞ്ഞത് ഒരു വളർത്തുനായയാണ്. പോലീസ് സംഭവസ്ഥലത്തെത്തി മോഷ്ടാവിനെ പിടികൂടുകയും ചെയ്തു.തങ്ങളുടെ വളർത്തുനായ റോക്കി ശബ്ദമുണ്ടാക്കിയതോടെ പ്രദേശത്ത് എന്തോ കുഴപ്പം ഉണ്ടായെന്ന് മനസ്സിലായെന്ന് ഉടമസ്ഥൻ പറഞ്ഞു. ജനലിലൂടെ നോക്കിയപ്പോൾ നാല് മോഷ്ടാക്കൾ എടിഎമ്മിലേക്ക് കയറാൻ ശ്രമിക്കുന്നത് കണ്ടതായി ഇയാൾ പറഞ്ഞു. ബഹളം കേട്ട് യുവാവും മകനും ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയും, മോഷ്ടാക്കളെ നാട്ടുകാർ പിടികൂടുകയും ചെയ്തു.തന്റെ നായ റോക്കി നേരത്തെയും മോഷണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു.
ആർബിഐയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും കൂടുതൽ എടിഎമ്മുകൾ വിന്യസിച്ചിരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി എടിഎമ്മുകളിൽ മോഷണം, കവർച്ച, എന്നിവ വർദ്ധിച്ചു. ആർബിഐയുടെ കണക്കനുസരിച്ച്, 2018 സാമ്പത്തിക വർഷത്തിൽ എടിഎം കവർച്ച കേസുകൾ 303 ആയിരുന്നു, ഇത് 2019 സാമ്പത്തിക വർഷത്തിൽ 515 ആയി ഉയർന്നു. ₹ 11.22 കോടിയും ₹ 25.47 കോടിയുമാണ് മോഷണത്തിൽ നഷ്ടപ്പെട്ടത്.
Discussion about this post