ന്യൂഡൽഹി: രാഹുൽ ഗാന്ധി വിദേശ പര്യടനത്തിനായി രാജ്യം വിട്ടതായി പാർട്ടി വൃത്തങ്ങൾ . ജൂലൈ 17 ഞായറാഴ്ചയോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് സൂചന. യാത്ര വ്യക്തിപരമാണോ , ഔദ്യോഗികമാണോ എന്ന് വ്യക്തമല്ല. ഏത് രാജ്യത്തേക്കാണ് യാത്ര എന്നതും പാർട്ടിവൃത്തങ്ങൾക്ക് അറിയില്ല. ലോക്സഭാ മൺസൂൺ സെഷൻ അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ആണ് രാഹുലിൻറെ വിദേശ യാത്ര എന്നത് പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. പ്രസിഡണ്ട് തിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കും.
രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ മറ്റ് രണ്ട് വിദേശ യാത്രകളും ഏറെ കോളിളക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മെയ് മാസത്തിലാണ് രണ്ട് സന്ദർശനങ്ങളും നടന്നത്. പാർട്ടി ഏറെ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് കാഠ്മണ്ഡുവിലെ ഒരു നിശാക്ലബ്ബിൽ രാഹുൽ ഗാന്ധിയെ കണ്ടത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലേക്ക് പോയതെന്നാണ് പിന്നീട് കോൺഗ്രസ് വിശദീകരണം നൽകിയത് .
മെയ് അവസാനം രാഹുൽ പിന്നീട് യുകെയിലേക്കും പോയി, യാത്രയ്ക്ക് സർക്കാരിൽ നിന്ന് ആവശ്യമായ രാഷ്ട്രീയ അനുമതി നേടിയിരുന്നില്ല എന്നത് വീണ്ടും വിവാദങ്ങൾക്ക് വഴി വെച്ചു. യുകെയിൽ നടന്ന ഒരു പൊതു പരിപാടിയിൽ ഇന്ത്യയ്ക്കെതിരെ രാഹുൽ വിമർശനമുന്നയിച്ചതും ഏറെ ചർച്ചയായി. ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട ലേബർ പാർട്ടി നേതാവ് ജെറമി കോർബിനൊപ്പമുള്ള ചിത്രത്തിൽ രാഹുലും ഉണ്ടായിരുന്നു.
Discussion about this post