ടെഹ്റാൻ: ഇറാനിൽ ഹിജാബിനെതിരെ പ്രതിഷേധവുമായി യുവതികൾ രംഗത്ത്. ഹിജാബ് അഴിച്ചുവെച്ച് സമൂഹമാദ്ധ്യമങ്ങൾ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു യുവതികളുടെ പ്രതിഷേധം. ഹിജാബ് നിർബന്ധമായും ധരിക്കണമെന്നും, പൊതു സ്ഥലത്ത് മുടി കാണിക്കാൻ പാടില്ലെന്നുമുള്ള കർശന നിയമങ്ങളെ വെല്ലുവിളിച്ചാണ് യുവതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രതിഷേധവുമായി എത്തിയത്.
ജൂലൈ 12 “ഹിജാബ് ആൻഡ് ചാസ്റ്റിറ്റി ഡേ” ആയി ഇറാൻ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്ന നിയമങ്ങൾക്ക് അനുസൃതമായി പരിപാടികൾ നടത്തുക എന്നതാണ് ചാസ്റ്റിറ്റി ഡേ എന്നത്കൊണ്ട് അധികാരികൾ ലക്ഷ്യമിട്ടത്.സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഹിജാബ് ഡേ ആചരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ സ്ത്രീകൾ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഹിജാബ് നീക്കി പ്രതിഷേധിച്ച സ്ത്രീകൾക്ക് പിന്തുയുമായി നിരവധി പുരുഷൻമാരും രംഗത്തെത്തി.
സ്ത്രീകളുടെ അവകാശങ്ങൾ ഇറാനിൽ കർശനമായി നിയന്ത്രിച്ചിരിന്നു. എല്ലാ സ്ത്രീകളും പൊതു സ്ഥലത്ത് ശിരോവസ്ത്രം ധരിക്കണമെന്നത് നിർബന്ധമാണ് . ഹിജാബ് ധരിക്കാത്തവരോ അല്ലെങ്കിൽ ഹിജാബ് ധരിച്ച് കുറച്ച് മുടി പ്രദർശിപ്പിക്കുന്നവരോ നിയമവിധേയമായി ശിക്ഷിക്കപ്പെടും. ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് പിഴ മുതൽ തടവ് ശിക്ഷവരെ ലഭിച്ചേക്കാം.
“സദാചാര പോലീസ്” എന്നാണ് അധികാരികളെ പ്രതിഷേധവുമായി എത്തിയ സ്ത്രീകൾ സംബോധന ചെയ്തത്. സദാചാര പോലീസുകാർ സ്ത്രീകളെ അടിച്ചമർത്തി അറസ്റ്റു ചെയ്യുകയാണ്. ബാങ്കുകളിലും, പൊതു ഗതാഗത സർവ്വീസുകളിലും മറ്റ് സർക്കാർ ഓഫിസുകളിലും ജോലി ചെയ്യുന്ന സ്ത്രീകളോട് നിർബന്ധമായും ഹിജാബ് ധരിച്ച് എത്തണമെന്ന് അധികാരികൾ നിർദ്ദേശം നൽകിയിരുന്നു. ചില ഇറാനിയൻ നഗരങ്ങളിലെ ആശുപത്രികളിലും സർവ്വകലാശാലകളും സ്ത്രീകൾ തല മറയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ “സദാചാര പോലീസ്” നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നുവെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിലെ അലൻ ഹൊഗാർത്ത് പറഞ്ഞു. വസ്ത്ര സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന സ്ത്രീകളെ പീഡിപ്പിക്കുന്ന ചരിത്രമാണ് ഇറാനുള്ളത്. സ്വന്തം അവകാശം വിനിയോഗിക്കുന്ന സ്ത്രീകളെ ഭയാനകമായി പീഡിപ്പിക്കുന്ന റെക്കോർഡാണ് ഇറാനുള്ളതെന്നും അലൻ ഹൊഗാർത്ത് പറഞ്ഞു .
“ഈ ലിംഗവിവേചന നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി നിരവധി സ്ത്രീകൾ രംഗത്തെത്തുന്നുണ്ട്. അവർ ഏറ്റെടുക്കുന്ന വെല്ലവിളിയെ കുറിച്ചും അപകടങ്ങളെക്കുറിച്ചും അവർക്ക് നല്ല ധാരണയുണ്ട്. മെട്രോ ട്രെയിൻ ഉദ്ഘാടന വേളയിൽ സ്ത്രീകൾക്ക് പൂക്കൾ നൽകിയതിന് മോനിറെ, യാസമൻ, മോജ്ഗാൻ എന്നീ മൂന്നുപേർ ഇപ്പോൾ തടവ് ശിക്ഷ അനുഭവിക്കുകയാണ്. 30 വർഷത്തിലേറെയാണ് അവർക്ക് തടവ് വിധിച്ചിരിക്കുന്നതെന്നും അലൻ ഹൊഗാർത്ത് അടിവരയിടുന്നു.
“ഇറാനിലെ എല്ലാ സ്ത്രീകൾക്കും എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒരു വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസ്ത്ര സ്വാതന്ത്ര്യത്തിനായി പർദ്ദ ധരിക്കില്ലെന്ന് ഏതെങ്കിലും സ്ത്രീ തീരുമാനിച്ചാൽ അവർ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയാണെന്ന വ്യാജകുറ്റം ചുമത്തി കേസുകളെടുക്കുമെന്നും ഹൊഗാർത്ത് മുന്നറിയിപ്പ് നൽകി, “ഇത്തരത്തിലുള്ള പീഡനം അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഇത്തരത്തിലുള്ള സ്വേച്ഛാധിപത്യം ഇറാനിലെ ഭൂരിഭാഗം യുവാക്കളുടെയും കാഴ്ചപ്പാടിന് എതിരാണെന്നും ഹൊഗാർത്ത് പറയുന്നു.
” പൊതുസ്ഥലത്ത് മുടി മറയ്ക്കാതെ എത്തുന്നതിൻറെ പേരിൽ സ്ത്രീകളെ കുറ്റവാളികളായി പ്രഖ്യാപിക്കുന്നത് ഭരണകൂടം അവസാനിപ്പിക്കണം. പകരം അവരുടെ ഇഷ്ടാനുസരണം വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും മറ്റൊരു മനുഷ്യാവകാശ സംഘടന വാദിക്കുന്നു. ഇത് സ്ത്രീകളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും സമത്വത്തിനുമുള്ള അവരുടെ അവകാശം ഉൾപ്പെടെ ലിംഗ വിവേചനത്തിന്റെ അങ്ങേയറ്റത്തെ തെളിവാണിതെന്നും സംഘടന വ്യക്തമാക്കുന്നു.
https://twitter.com/AlinejadMasih/status/1546836654962475008
“നിർബന്ധിത ഹിജാബ് നിയമങ്ങളെ ധിക്കരിക്കുന്ന ഒരു സ്ത്രീ , മോഷ്ടിക്കുന്നതിനോ കൊള്ളയടിക്കുന്നതിനോ തുല്യമായ തെറ്റാണ് ചെയ്യുന്നതെന്ന് ടെഹ്‌റാൻ ഇമാം ആയത്തുല്ല അഹമ്മദ് ഖതാമി പറഞ്ഞു.സ്ത്രീകളെ തല മറയ്ക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ ഒരു റാലിയും സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇത് തീർത്തും അസത്യമാണ്, ഇത് ദൈവത്തിന്റെ വചനമല്ല, ഖുർആനിലോ മതഗ്രന്ഥങ്ങളിലോ ഒരിടത്തും ഇത് പറയുന്നില്ലെന്നും സ്ത്രീകൾ ഇമാമിന് മറുപടി നൽകി. “സ്ത്രീകളെയും പെൺകുട്ടികളെയും കീഴടക്കാനുള്ള അടിച്ചമർത്തലിനുള്ള ഉപകരണമായി മതത്തെ ചിലർ ദുരുപയോഗം ചെയ്യുകയാണെന്ന് ഇറാനിയൻ-അമേരിക്കൻ പത്രപ്രവർത്തകയും സ്ത്രീകളുടെ അവകാശ പ്രവർത്തകയുമായ മസിഹ് അലിനെജാദ് ട്വീറ്റ് ചെയ്തു. ഇത് മതതീവ്രവാദത്തിന് വലിയ ഒരു ഉദാഹരണമാണ്. “ സ്ത്രീകൾ ഹിജാബ് അഴിച്ച് #No2 Hijab എന്ന മുദ്രാവാക്യവുമായി ഇറാനിലുടനീളം തെരുവിലിറങ്ങി നടക്കും. പൗരോഹിത്യ ഭരണത്തെ അവർ ഇളക്കിമറിക്കും. ഇതിനെയാണ് സ്ത്രീ വിപ്ലവം എന്ന് പറയുന്നതെന്നും മസിഹ് അലിനെജാദ് പറഞ്ഞു.
Discussion about this post