പോത്തൻകോട്: അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർത്ഥിക്ക് വീണ്ടും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് കാര്യവട്ടം ഗവൺമെന്റ് കോളേജിൽ എസ്.എഫ്.ഐയുടെ അഴിഞ്ഞാട്ടം.ഇക്കാര്യം ആവശ്യപ്പെട്ട് എസ്എഫ്ഐ നേതാക്കൾ പ്രിൻസിപ്പൽ സിഎസ് ജയയെ റൂമിൽ പൂട്ടിയിട്ടു.
തുടർന്ന് സ്ഥലത്തെത്തിയ കഴക്കൂട്ടം പോലീസ് പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രിൻസിപ്പലിനെ പുറത്തേക്ക് കൊണ്ടുവരാനും എസ്എഫ്ഐ നേതാക്കൾ അനുവദിച്ചില്ല. എസ്എഫ്ഐ നേതാക്കളെ ബലം പ്രയോഗിച്ച് പോലീസിന് മാറ്റേണ്ടി വന്നു. എന്നിട്ടും രക്ഷയുണ്ടായില്ല. പോലീസ് വാഹനം എടുക്കേണ്ട വഴിയിൽ എസ്എഫ്ഐ നേതാക്കൾ ബൈക്കുകൾ നിരത്തി വെച്ച് ബ്ലോക്ക് ചെയ്തു. കോളേജിൻറെ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. നേതാക്കളെ ബലം പ്രയോഗിച്ച് പോലീസ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ ഒരു എസ്എഫ്ഐ പ്രവർത്തകൻ പോലീസിനെ മർദ്ദിക്കുകയും ചെയ്തു. ഇത് സംഘർഷത്തിലേക്ക് നീങ്ങി.
മുൻപ് കോളേജിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സ് ബിരുദ കോഴ്സ് പൂർത്തിയാക്കാതെ ഇറങ്ങിയ രോഹിത് രാജ് ഇത്തവണ വീണ്ടും ഏകജാലകം വഴി അതേ കോഴ്സിന് പ്രവേശനം നേടുകയായിരുന്നു. ഇന്നലെ ഇന്റർവ്യൂവിന് കോളേജിൽ ഹാജരായപ്പോൾ ആണ് മുൻപ് ഇതേ കോഴ്സിൽ രോഹിത് കാര്യവട്ടം ക്യാമ്പസിൽ പഠിച്ചതായി കണ്ടെത്തിയത്. സർവ്വകലാശാല നിയമം അനുസരിച്ച് കോഴ്സ് പൂർത്തിയാക്കാതെ വീണ്ടും അതേ കോഴ്സിന് ചേരാൻ കഴിയില്ലെന്ന് പ്രിൻസിപ്പലും ഇന്റർവ്യൂ ബോർഡും വ്യക്തമാക്കി. നേരത്തെ ഉണ്ടായ ചില വിഷയങ്ങളിൽ കോളേജിൽ അച്ചടക്കനടപടി നേരിട്ട ആളുകൂടിയാണ് രോഹിത്.
പ്രവേശനം പൂർണ്ണമായും നിഷേധിക്കുന്ന നടപടിയിലേക്കല്ല കോളേജ് അധികൃതർ നീങ്ങിയത് എന്നതും വസ്തുതയാണ്. പൂർത്തിയാക്കാത്ത കോഴ്സ് ക്യാൻസൽ ചെയ്ത ശേഷം മറ്റൊരു കോഴ്സിന് അപേക്ഷിക്കാനാണ് രോഹിത്തിനോട് കോളേജ് അധികൃതർ നിർദ്ദേശിച്ചത്. എന്നാൽ, രോഹിത് ഇതിന് തയ്യാറായില്ല. സംഭവമറിഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രിൻസിപ്പൽ സി.എസ്.ജയയെ ഉപരോധിക്കുകയായിരുന്നു.












