ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. 45 ദിവസം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് രാജി. തന്നെ തിരഞ്ഞെടുത്ത കൺസർവേറ്റീവ് പാർട്ടിയുടെ ലക്ഷ്യങ്ങൾ നിറവേറ്റാനാകുന്നില്ലെന്നും ഇക്കാര്യം മനസിലാക്കുന്നുവെന്നും ലിസ് ട്രസ് രാജി സമർപ്പിച്ച ശേഷം പ്രതികരിച്ചു. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയായി ലിസ് ട്രസ്.
സെപ്തംബറിൽ അവതരിപ്പിച്ച മിനി ബജറ്റോടെയാണ് ലിസ് ട്രസിനെതിരായ പ്രശ്‌നങ്ങൾ തലപൊക്കിയത്. ബുധനാഴ്ച ഹൗസ് ഓഫ് കോമൺസിൽ ഇതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി. എന്നാൽ താൻ ഒരു പോരാളിയാണെന്നും വേഗം വിട്ടുകൊടുക്കുന്ന ആളല്ലെന്നുമായിരുന്നു ഇന്നലെ ലിസ് ട്രസിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ രാജി.
ട്രസിന്റെ രാജി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കുക. ലിസ് ട്രസ് പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിൽ വിമർശനങ്ങൾ ശക്തമായിരുന്നു. നാല് ദശാബ്ദത്തിനുളളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പം. ഇതിനിടയിലാണ് 45 ബില്യൻ പൗണ്ടിന്റെ നികുതിയിളവ് ഉൾപ്പെടെ ട്രസ് അവതരിപ്പിച്ചത്. ഭരണപക്ഷത്ത് നിന്ന് തന്നെ ഇതിനെതിരെ വിമർശനം ശക്തമായിരുന്നു.
മിനി ബജറ്റിൽ പോരായ്മകളുണ്ടെന്നും കഴിഞ്ഞ ദിവസം അവർ തുറന്നു സമ്മതിച്ചിരുന്നു. നികുതിയിളവുമായി ബന്ധപ്പെട്ടതുൾപ്പെടെ മിനി ബജറ്റിലെ നിർദ്ദേശങ്ങളിൽ നിന്ന് പുതിയ ധനമന്ത്രി ജെറമി ഹണ്ട് പിന്നോട്ട് പോയതോടെയാണ് ലിസ് ട്രസ് വീഴ്ച തുറന്നു സമ്മതിച്ചത്.
ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ 81326 വോട്ടുകൾ നേടിയാണ് ലിസ് ട്രസ് പ്രധാനമന്ത്രി പദത്തിലെത്തിയത്. എതിർസ്ഥാനാർത്ഥിയായിരുന്ന ഇന്ത്യൻ വംശജൻ ഋഷി സുനകിന് 60,399 വോട്ടുകളാണ് ലഭിച്ചത്.
പകരം ആരാണ് പ്രധാനമന്ത്രി പദത്തിലെത്തുകയെന്ന് വ്യക്തമല്ല. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പ്രധാനമന്ത്രിയെ കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുക്കുമെന്നാണ് സൂചന. ഋഷി സുനകിന്റെ പേര് ഉൾപ്പെടെ ഉയർന്നുകേൾക്കുന്നുണ്ട്. ഇതോടൊപ്പം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തിരിച്ചുവരവിന് വേണ്ടിയും ചിലർ വാദിക്കുന്നുണ്ട്.
ഔദ്യോഗിക രേഖ സ്വന്തം ഇ മെയിലിൽ നിന്ന് അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാൻ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും രാജി നൽകിയത്.
Discussion about this post