തിരുവനന്തപുരം: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള പോര് പുതിയ തലത്തിലേക്ക്. കൽപിത സർവ്വകലാശാലയായി പ്രവർത്തിക്കുന്ന കേരള കലാമണ്ഡലത്തിന്റെ ചാൻസിലർ പദവിയിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ നീക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമായ നടപടിയാണ് പ്രതികാര ബുദ്ധിയോടെ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
കലാമണ്ഡലം കൽപിത സർവ്വകലാശാലയുടെ റൂൾസ് & റെഗുലേഷൻ പ്രകാരം ചാൻസിലറെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് ഗവർണറെ ഒഴിവാക്കി സാംസ്‌കാരിക വകുപ്പ് ഓർഡിനൻസ് ഇറക്കിയത്.
ഓർഡിനൻസ് അംഗീകരിക്കപ്പെടണമെങ്കിൽ ഗവർണറുടെ ഒപ്പുവേണം. ഇതിനായി വെളളിയാഴ്ച രാജ്ഭവനിലേക്ക് ഓർഡിനൻസ് അയയ്ക്കും. കലാ സാംസ്‌കാരിക മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഗൽഭരെ നിയമിക്കുന്നതിന് മുന്നോടിയായിട്ടാണ് ഗവർണറെ നീക്കിയതെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഷ്യം.
എന്നാൽ സർക്കാർ നടപടി നിയമപരമായി എത്രത്തോളം നിലനിൽക്കുമെന്ന കാര്യത്തിൽ സംശയം ഉയർന്നിട്ടുണ്ട്. സാങ്കേതിക സർവ്വകലാശാല വിസിയുടെ നിയമനം യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ലായിരുന്നുവെന്ന് സുപ്രീംകോടതി കണ്ടെത്തിയതിനെ തുടർന്ന് ഈ നിയമനം അസാധുവാക്കിയിരുന്നു. തുടർന്ന് സംസ്ഥാനത്തെ എട്ട് സർവ്വകലാശാല വിസിമാരോട് രാജിവെക്കാൻ ഗവർണർ നിർദ്ദേശം നൽകി. എന്നാൽ ഇവർ ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചാൻസലർ എന്ന നിലയിൽ ഗവർണർക്കാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുളള അധികാരം എന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി.
രാജിവെക്കാനുളള നിർദ്ദേശം വിസിമാർ തള്ളിയതിനെ തുടർന്ന് പുറത്താക്കാതിരിക്കാൻ കാരണം ചോദിച്ച് ഗവർണർ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പ്രതികാരമായിട്ടാണ് ഇപ്പോൾ ഗവർണറെ കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. വിസിമാർ രാജിവെയ്‌ക്കേണ്ടെന്ന് ആയിരുന്നു സർക്കാർ നിലപാട്. ഗവർണറെ വെല്ലുവിളിച്ച് വിസിമാർക്ക് സർക്കാർ പിന്തുണയും നൽകിയിരുന്നു.
Discussion about this post