ടെക്സസ്: രണ്ടാം ലോക മഹായുദ്ധകാലത്തെ വിന്റേജ് വിമാനങ്ങൾ എയർഷോയ്ക്കിടെ കൂട്ടിയിടിച്ച് അപകടം. യുഎസിലെ ടെക്സസിലാണ് സംഭവം. അമേരിക്കൻ എയർലൈൻസ് പൈലറ്റുമാരായ ടെറി ബാർക്കർ, ലെൻ റൂട്ട് എന്നിവർ അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വിമാനങ്ങളിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.
ബോയിങ് ബി 17, പി 63 കിംഗ് കോബ്ര വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. താഴ്ന്നു പറക്കുകയായിരുന്ന വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു വിമാനം നെടുകെ പിളരുകയും തീഗോളമായി താഴെ പതിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടുളള വിമാനങ്ങളാണ് ബോയിങ് ബി 17. ഈ വിമാനത്തിൽ നാലോ അഞ്ചോ പേർക്ക് സഞ്ചരിക്കാം. പി 63 കിംഗ് കോബ്ര ഒരു പൈലറ്റ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന വിമാനമാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത വിമാനങ്ങളുടെ ശേഷിയും പ്രകടനമികവും വിശദമാക്കുന്നതിനായിട്ടാണ് എയർ ഷോ ഒരുക്കിയത്.
മുതിർന്ന സൈനികരെ ആദരിക്കുന്ന വെറ്ററൻസ് വീക്കെൻഡിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ എയർഷോയ്ക്കിടെയാണ് ദാരുണമായ അപകടം. രണ്ടാം ലോക മഹായുദ്ധകാലത്തെ നാൽപതോളം സൈനിക വിമാനങ്ങൾ സന്ദർശകർക്ക് കാണാനും മനസിലാക്കാനും അവസരം ഒരുക്കുന്നതായിരുന്നു ഷോ.
ഭയാനകമായ ദുരന്തമെന്നാണ് ഡാളസ് മേയർ എറിക് ജോൺസൺ സംഭവത്തെ വിലയിരുത്തിയത്.
Discussion about this post