ന്യൂഡൽഹി: രാജീവ് വധക്കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ പുന;പരിശോധനാ ഹർജിയുമായി കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്ന് പുനപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നവംബർ 11 നാണ് കോടതി രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 13 ന് തമിഴ്‌നാട്ടിലെ വിവിധ ജയിലുകളിലായിരുന്ന പ്രതികൾ മോചിതരാകുകയും ചെയ്തു. ജസ്റ്റീസുമാരായ ബിആർ ഗവായ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
ഇരുപത് വർഷത്തിലധികം പ്രതികൾ ജയിലിൽ കഴിഞ്ഞുവെന്നും ഇക്കാലയവിൽ ഇവരുടെ സ്വഭാവത്തിൽ പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി.എന്നാൽ മുൻ പ്രധാനമന്ത്രിയെ വധിച്ച കേസിലെ പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകിയത് ഇന്ത്യൻ സർക്കാരിന്റെ വാദം പൂർണമായി കേൾക്കാതെയാണെന്ന് ഹർജിയിൽ പറയുന്നു.
ഹർജിയിൽ കേന്ദ്രസർക്കാർ ഭാഗമല്ലായിരുന്നു. സർക്കാരിനെ കക്ഷിചേർക്കാൻ ഹർജിക്കാരും ആവശ്യപ്പെട്ടില്ല. അതാണ് സംഭവിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിട്ടയച്ചവരിൽ നാല് പേർ ശ്രീലങ്കൻ സ്വദേശികളാണ്. ഇന്ത്യൻ പ്രധാനമന്ത്രിയെ വധിച്ച വിദേശികളായ ഭീകരർക്ക് ശിക്ഷാ ഇളവ് നൽകുന്നത് അന്താരാഷ്ട്ര തലത്തിലും ബാധിക്കുമെന്നും ഇന്ത്യയുടെ പരമാധികാരത്തിൽ നിക്ഷിപ്തമാണെന്നും പുനപരിശോധനാ ഹർജിയിൽ പറയുന്നു.
ഭരണഘടനയുടെ 142 ാം വകുപ്പ് പ്രകാരമുളള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. നളിനി, ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, ശാന്തൻ എന്ന ടി സുധീന്ദ്ര രാജ, ജയകുമാർ, ഇയാളുടെ ബന്ധു റോബർട്ട് പയസ്, പി രവിചന്ദ്രൻ എന്നിവരെയാണ് മോചിപ്പിച്ചത്.
മെയ് 18 ന് കേസിലെ പ്രതിയായിരുന്ന പേരറിവാളനെ ജയിൽമോചിതനാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് ബാക്കി ആറ് പേരുടെ കാര്യത്തിലും ബാധകമാണെന്ന് നിരീക്ഷിച്ചായിരുന്നു ബാക്കിയുളളവരെയും ജയിൽമോചിതരാക്കാൻ കോടതി ഉത്തരവിട്ടത്.
Discussion about this post