ദോഹ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ ആവേശകരമായ മത്സരങ്ങളിൽ ടുണീഷ്യക്കും ഓസ്ട്രേലിയക്കും ജയം. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ടുണീഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചുവെങ്കിലും ഡെന്മാർക്കിനെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയ പ്രീ ക്വാർട്ടറിലെത്തി.
ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തെത്തിയതോടെ, ഗ്രൂപ്പിൽ മൂന്നാമതായ ടുണീഷ്യ പുറത്തായി. ഗ്രൂപ്പിൽ നിന്നും രണ്ട് ജയങ്ങളുമായി ഫ്രാൻസ് നേരത്തേ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. ഏകപക്ഷീയമായ ഓരോ ഗോളുകൾക്കായിരുന്നു ടുണീഷ്യയുടെയും ഓസ്ട്രേലിയയുടെയും വിജയങ്ങൾ.
അൻപത്തിയെട്ടാം മിനിറ്റിൽ ക്യാപ്ടൻ വഹീബ് ഖസ്രിയുടെ വകയായിരുന്നു ഫ്രാൻസിനെതിരായ ടുണീഷ്യയുടെ വിജയ ഗോൾ. ഫ്രാൻസിനെതിരെ ടുണീഷ്യയുടെ ആദ്യ വിജയമായിരുന്നു ഇത്. അറുപതാം മിനിറ്റിൽ മാത്യു ലെക്കിയാണ് ഡെന്മാർക്കിനെതിരെ ഓസ്ട്രേലിയയുടെ വിജയ ഗോൾ നേടിയത്. 2006ന് ശേഷം ഓസ്ട്രേലിയ ആദ്യമായാണ് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ കടക്കുന്നത്.












