അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5ന് അവസാനിച്ചു. 788 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടിയത്.
തുടര്‍ച്ചയായ ഏഴാം തവണയും ഗുജറാത്തില്‍ വിജയക്കൊടി പാറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. അതേസമയം പ്രചരണത്തിലൂടെ കോണ്‍ഗ്രസിനെ ഓരം പറ്റിച്ച ആം ആദ്മി പാര്‍ട്ടിക്ക് ബിജെപിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യ ഒന്നാകെ.
കച്ച്, സൗരാഷ്ട്ര മേഖലകളിലും സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളിലുമുള്ള 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
1995 മുതല്‍ തുടര്‍ച്ചയായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 2002ലെ തെരഞ്ഞെടുപ്പില്‍ 137 സീറ്റുകള്‍ നേടിയിരുന്ന ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 99 സീറ്റുകളില്‍ തൃപ്തരാകേണ്ടി വന്നു. എന്നാല്‍ ഇത്തവണ 140 സീറ്റുകള്‍ എന്ന ലക്ഷ്യമാണ് പാര്‍ട്ടി മുന്നോട്ട് വെച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നേതൃത്വത്തില്‍ ശക്തമായ പ്രചാരണ പാരിപാടികളാണ് ഇത്തവണ ബിജെപി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
2018ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിച്ച് നിരാശരാകേണ്ടി വന്ന ആം ആദ്മി പാര്‍ട്ടി ഇത്തവണ ഗുജറാത്തില്‍ 92 സീറ്റുകളില്‍ വിജയിക്കുമെന്ന് പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പ്രവചിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രചാരണ പരിപാടികള്‍ ഡെല്‍ഹി മാതൃകയാണ് പാര്‍ട്ടി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. കോണ്‍ഗ്രസിനെ എഴുതിത്തള്ളിയ ആം ആദ്മി പാര്‍ട്ടി ബിജെപിയെയാണ് പ്രധാന എതിരാളികളായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഗുജറാത്ത് ജനതയുടെ മനസുകളില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇടമില്ലെന്ന് പറഞ്ഞാണ് അമിത് ഷാ പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളികളെ തള്ളിക്കളഞ്ഞത്.
2018ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്, ഇത്തവണ ബാലറ്റ് പെട്ടികള്‍ കേന്ദ്രസേനയുടെ സംരക്ഷണത്തില്‍ വെക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വളരെ ദുര്‍ബലമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇത്തവണ കോണ്‍ഗ്രസ് സംസ്ഥാനത്ത് കാഴ്ചവെച്ചത്. അവസാനഘട്ടത്തില്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനിറങ്ങിയത്.
ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും.
Discussion about this post