മലപ്പുറത്ത് സ്കൂളിൽ ലെഗിൻസ് ധരിച്ച് എത്തിയ അദ്ധ്യാപികയ്ക്കെതിരെ പ്രധാന അദ്ധ്യാപിക മോശമായി സംസാരിച്ചു എന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചായാവുകയാണ്. മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ് മിസ്ട്രസ് റംലത്തിനെതിരെയാണ് പരാതി. ഇതേ സ്കൂളിലെ ഹിന്ദി അദ്ധ്യാപിക സരിത രവീന്ദ്രനാഥാണ് ഡിഇഒക്ക് പരാതി നൽകിയത്.
സ്കൂളിലെ ഏതോ കുട്ടി യുണിഫോം ധരിക്കാത്തത് താൻ ലെഗ്ഗിൻസ് ധരിച്ച് വരുന്നതിനാലാണെന്ന് പറഞ്ഞാണ് പ്രധാന അദ്ധ്യാപിക തന്നെ അപമാനിച്ചതെന്ന് സരിത പറയുന്നു. രാവിലെ സ്കൂളിലെത്തി ഹെഡ് മിസ്ട്രസിൻ്റെ റൂമിൽ ഒപ്പിടാൻ ചെന്നപ്പോൾ ആണ് തന്നെ അപമാനിക്കുന്ന രീതിയിൽ ഹെഡ് മിസ്ട്രസ് സംസാരിച്ചതെന്ന് അദ്ധ്യാപിക പരാതിയിൽ പറയുന്നു. ” കുട്ടികൾ ഒന്നും യൂണിഫോം ഇടുന്നില്ല, അതെങ്ങനെയാണ് കുട്ടികളെ വഴക്കു പറയുക ?..നിങ്ങളുടെ വസ്ത്ര ധാരണം ഒക്കെ ഇങ്ങനെ അല്ലേ…” എന്നാണ് തന്നോട് ചോദിച്ചതെന്ന് സരിത പറയുന്നു. അദ്ധ്യാപകർക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളിൽ വരാമെന്ന് നിയമം ഉണ്ട്. മാന്യതയ്ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്കൂളിൽ വന്നിട്ടില്ല. ഇത്തരത്തിലൊരു അനുഭവമുണ്ടായത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സരിത രവീന്ദ്രൻ പറയുന്നു.
സംഭവം പുറത്തറിഞ്ഞതോടെ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേരാണ് ടീച്ചറെ പിന്തുണച്ച് രംഗത്തെത്തിയത്. നിരവധി ആളുകളാണ് ഈ വിഷയത്തിൽ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. വിഷയത്തിൽ ശ്രദ്ധേയമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് അദ്ധ്യാപകൻ കൂടിയായ ആര്യലാൽ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണരൂപം;
എന്തു പറയുന്നു എന്നതു മാത്രല്ല ശരിയെ നിർണ്ണയിക്കുന്നത്.ചിലപ്പോഴെങ്കിലും അതാര്,എവിടെ പറയുന്നു?എന്നതിനും പ്രാധാന്യമുണ്ട്. തുട മലപ്പുറത്ത ശ്ലീലമാകുന്നത് രണ്ടാമത്തെ കാരണം കൊണ്ടാണ്.
‘കാനായി’ കഴിയുന്നത്ര വിടർത്തി വച്ചിട്ടും മലമ്പുഴ നിന്നും മലപ്പുറത്തെത്തിയാൽ തുടകൾ ഇന്നും അശ്ലീലമായിത്തന്നെ തുടരുകയാണ്!”മൂടുപടം മാറിയാൽ പെണ്ണുങ്ങൾക്ക് സ്വർഗത്തിന്റെ മണമേൽക്കാൻ യോഗ്യതയില്ല” എന്നു വിശ്വസിക്കുന്നവരാണ് അവിടെ ഭൂരിപക്ഷം. പ്രധാന അധ്യാപികയായ റംലത്തിനെ അധ്യാപിക സരിത രവീന്ദ്രന്റെ തുടകൾ പ്രകോപിപ്പിക്കാൻ കാരണം അത് പതിവിനു വിപരീതമായി കുട്ടികളെയും മുതിർന്നവരേയും ‘സ്വർഗം കാണിക്കുന്നതിൽ’ നിന്നു തടയും എന്നതിലാണ്.
എം.ഇ.എസ്സിന്റെ പള്ളക്കുടത്തിൽ ‘സ്വതന്ത്ര ചിന്തകനും’ വിപ്ലവ വായാടിയുമായ ‘അസ്ത്രം ഗഫൂറാ’ണ് ലെഗ്ഗിൻസ് നിരോധിച്ച് തുടകളെ സാംസ്കാരിക തടവിലാക്കിയത്.”എന്റെ വസ്ത്രം എന്റെ അവകാശം” എന്നു പറഞ്ഞവരാരും സരിതയുടെ തുടകൾക്കു വേണ്ടിയോ എം.ഇ എസ്സിലെ തുടകൾക്കുവേണ്ടിയോ ഉരിയാടുന്നതേയില്ല. അയ്യപ്പൻ മാത്രല്ല വിപ്ലവവും തുടയിൽ നിന്നും ജനിക്കാൻ സാധ്യതയുള്ളതാണ്! നാളിതുവരെ ചില കവികളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നല്ലാതെ പെൺതുടകൾ അവരുടെ ധർമ്മം വിട്ടു പെരുമാറിയിട്ടില്ല. അത് ചേരേണ്ടപ്പോൾ ചേരാനും വിടരേണ്ടപ്പോൾ വിടരാനുമുള്ള ഔചിത്യം കൊണ്ട് സമൂഹത്തെ സേവിച്ചു വരുന്നു.
‘ലെഗ്ഗിൻസ് തുടകളെ വൃത്തികെട്ടതാക്കുന്നു’ എന്നു പറയുന്നവർക്ക് തുടകളെ തുടകളല്ലാതെയാക്കാതെ അതിനെ വൃത്തിയുള്ളതാക്കുന്നത് എന്താണ് എന്നു കൂടി പറയാനുള്ള ബാധ്യതയുണ്ട്. ‘തലവഴിയുള്ള കുപ്പായ’മാണ് പ്രതിവിധിയെങ്കിൽ “വസ്ത്രം വൃത്തികെട്ടവരുടെ കണ്ണുകൾക്കെതിരെയുള്ള പരിചയാണ്” എന്ന നിർവ്വചനം കൂടി അതിനുണ്ട് എന്നാരും മറന്നു പോകരുത്.
നാണം മറയ്ക്കുക എന്ന ചെറിയ കാട്ടു ബോധത്തിൽ നിന്നും ഒരുപാട് യാത്ര ചെയ്താണ് തുണി ഇക്കണ്ട രൂപ മാറ്റങ്ങളിൽപ്പെട്ടുപോയത്. മനുഷ്യ ശരീരത്തിൽ അതിറങ്ങുകയും കയറുകയും ചെയ്തു കൊണ്ടേയിരുന്നു. ‘വസ്ത്രം ശരീരത്തിന്റെ സുന്ദരഭാഗങ്ങളെ മറയ്ക്കുന്നു’ എന്നു തോന്നിയപ്പോൾ മനുഷ്യൻ തുണിയുടെ അളവു കുറച്ചു . ‘അസുന്ദരമായതിനെ മറയ്ക്കുന്നില്ല’ എന്നു തോന്നിയപ്പോൾ തുണി നീട്ടി മറയ്ക്കാൻ ശ്രമിച്ചു. പൊതു ബോധം എന്ന ഉമ്മക്കി കൊണ്ടല്ല തയ്യൽക്കടയിൽ തുണിയളക്കേണ്ടത്. അവിടുത്തെ കോലിന് സൗന്ദര്യബോധം കൂടി വേണ്ടതുണ്ട്.
ലെഗ്ഗിൻസ് ഇടുന്ന ‘തുടകളോടും’ ചിലതു പറയാനുണ്ട്. ദുര്യോധനന്റെയോ റോബർട്ടോ കാർലോസിന്റെയോ മാതിരി ശക്തിയുടെ ഇരിപ്പിടമല്ല നിങ്ങളുടെ തുടകൾ. അതിന് സൗന്ദര്യം കൂടിയുണ്ട്. (എന്റെ തുട സൗന്ദര്യമില്ലാത്ത വെറും തുടയാണെന്ന് പറയാനുള്ള ആരുടേയും സ്വാതന്ത്ര്യത്തെ മുൻ കാല പ്രാബല്യത്തോടെ അംഗീകരിച്ചിരിക്കുന്നു.)
“തുമ്പിക്കരത്തിനിഹ തോലിനു കട്ടി കൊണ്ടും
രംഭാദ്രുമത്തിനൊഴിയാത്ത തണുപ്പിനാലു
ആകാരമൊത്തളവിലും ലഭിയാതെ പോയി
തന്വംഗി തന്റെ തുടകള്‍ക്കുപമാനം ഭാവം”
എന്നാണ് മോഹലബ്ധരും സ്മൃതി നഷ്ടരുമായ കവികൾ വർണ്ണിച്ചിരിക്കുന്നത് ! വസ്ത്രം ചൂടിൽ നിന്നും തണുപ്പിൽ നിന്നും നിങ്ങളെ രക്ഷിച്ചോട്ടെ … അപ്പോൾത്തന്നെയത് സൗന്ദര്യ ഭിക്ഷുക്കൾക്ക് മിഴികൾക്കൊരുത്സവമായിക്കൊള്ളട്ടെ!
തുട നിങ്ങളുടെ ആത്മവിശ്വാസത്തെ വളർത്തുന്നതാണെങ്കിൽ ലെഗ്ഗിൻസ് കൊണ്ടതിനെ അങ്കലരിക്കൂ അല്ലെങ്കിൽ നിരപരാധിയായ കാഴ്ചക്കാരെ വെറുതെ ശിക്ഷിക്കരുത്. മുലകളുടെ കാര്യവും ഇങ്ങനൊക്കെത്തന്നെയാണ്. വേലികെട്ടിയിട്ടാല്ലാത്ത വീട് മോഷണത്തിനനുകൂലമാണ് എന്നർത്ഥമില്ല.
എത്ര മതിലു കെട്ടിയാലും ആർപ്പു വിളിച്ചാലും കൈയ്യും തലയുമല്ലാതെ തുടയോ മുലയോ പുറത്തിടണമെങ്കിൽ നമ്പൂതിരി മുതൽ നായാടി വരെയുള്ളവർക്കിടയിൽ വന്നു ജനിക്കണം. അങ്ങനെ തന്നെ സ്വർഗത്തിൽ പോകണമെങ്കിലും അതേയുള്ളൂ വഴി അല്ലാത്ത പെണ്ണുങ്ങൾക്ക് ഭൂമിയിൽ ചിലരെയൊക്കെ സ്വർഗം കാണിച്ചു ജീവിക്കാം എന്നു മാത്രം ! റംലത്തുമാര് സരിതമാരോട് പറയുന്നതതാണ്!
Discussion about this post