ഡെല്‍ഹി: പണപ്പെരുപ്പം മന്ദഗതിയിലെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മറ്റി റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തി 6.25 ശതമാനമാക്കി. നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
2018 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ സാമ്പത്തിക വര്‍ഷം ഇത് അഞ്ചാം തവണയാണ് കേന്ദ്ര ബാങ്ക് നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു മുമ്പ് മേയിലെ ഓഫ് സൈക്കിള്‍ മീറ്റിംഗില്‍ 40 ബേസിസ് പോയിന്റും ജൂണ്‍, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ 50 ബേസിസ് പോയിന്റും ഉയര്‍ത്തിയിരുന്നു.
ആര്‍ബിഐയിലെ മൂന്ന് അംഗങ്ങളും പുറത്തു നിന്നുള്ള മൂന്നംഗങ്ങളും അടങ്ങുന്ന മോണിറ്ററി പോളിസി കമ്മറ്റിയില്‍ അഞ്ച് പേരും നിരക്ക് ഉയര്‍ത്താനുള്ള തീരുമാനത്തെ അനുകൂലിക്കുകയുണ്ടായി. ഒക്ടോബറില്‍ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 6.77 ശതമാനമായി കുറഞ്ഞതാണ് ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി. റിപ്പോ നിരക്ക് ഉയരുന്നതോടെ നിലവിലെ പലിശ നിരക്കിലും കാര്യമായ വര്‍ധനയുണ്ടാകും.
Discussion about this post