ഷിംല: മുഖ്യമന്ത്രി പദത്തിനായി പാര്‍ട്ടിയില്‍ പോര് നടക്കുന്ന ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ആയിരിക്കുമെന്ന് സൂചന. വിജയത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ആകണമെന്ന ആവശ്യമായി പാര്‍ട്ടിയില്‍ പലരും രംഗത്ത് എത്തിയതോടെയാണ് ഈ വിഷയത്തില്‍ ‘ഹൈക്കമാന്‍ഡി’ന് നിലപാട് എടുക്കേണ്ട സ്ഥിതി വന്നത്.
മുഖ്യമന്ത്രി ആരാകണമെന്നതിലുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടുകൊണ്ട് സംസ്ഥാനത്തെ 40 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച പാര്‍ട്ടിയുടെ പരമ്പരാഗത ഒറ്റവരി പ്രമേയം പാസാക്കി. നാളെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പ്രിയങ്ക ഗാന്ധിയും പുതിയ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയുമാണ്. ഡെല്‍ഹി കോര്‍പ്പറേഷന്‍, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തെ മറികടക്കാന്‍ ഹിമാചല്‍ വിജയം കോണ്‍ഗ്രസിന് ആശ്വാസമായി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വമാണ് ഹിമാചലില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിച്ചതെന്ന് പാര്‍ട്ടിയില്‍ പരക്കെ അഭിപ്രായമുണ്ട്.
ദേശീയ നേതാക്കളായ രാജീവ് ശുക്ല, ഭൂപീന്ദര്‍ ഹൂഡ, ഭൂപേഷ് ബഗെല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഓരോ എംഎല്‍എമാരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗ്, സുഖ്‌വിന്ദര്‍ സിംഗ്, മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖമന്ത്രി പദത്തിനായി മുന്‍പന്തിയില്‍ ഉള്ളത്.
Discussion about this post