പനാജി: വിനോദസഞ്ചാര മേഖലയിലും കാർഗോ വിനിമയ മേഖലയിലും മുതൽക്കൂട്ടാകുന്ന ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ മുൻ സർക്കാരുകൾ എത്രത്തോളം അലംഭാവം കാണിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഉദാഹരണ സഹിതം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ പദ്ധതിയിട്ട വിമാനത്താവളമാണിത്. എന്നാൽ ആ സർക്കാരിന് അധികാരം നഷ്ടമായതോടെ പദ്ധതിയും പെരുവഴിയിലായി. ക്രമേണ ഉപേക്ഷിക്കപ്പെട്ട പദ്ധതികളിൽ ഒന്നായി ഇത് മാറി. എന്നാൽ 2014 ൽ തന്റെ നേതൃത്വത്തിലുളള ആദ്യ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതിക്ക് പുതുജീവൻ വെച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആറ് വർഷങ്ങൾക്ക് മുൻപ് 2016 നവംബറിൽ താൻ പദ്ധതിക്ക് തറക്കല്ലിട്ടു. ഇന്ന് എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് വിമാനത്താവളം പ്രവർത്തനസജ്ജമായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ഓരോ വർഷവും 40 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് ശേഷിയുണ്ട്. ഇത് ഭാവിയിൽ 3.5 കോടി വരെയായി ഉയർത്താം. താപനില ക്രമീകരിച്ച 25,000 ടൺ കാർഗോ ഫെസിലിറ്റിയും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
ഏകദേശം 2,870 കോടി രൂപ ചെലവിൽ നിർമിച്ച ഈ വിമാനത്താവളം സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ എന്ന ആശയത്തിലാണ് നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള റൺവേ, വിമാനങ്ങൾക്കുള്ള രാത്രി പാർക്കിംഗ് സൗകര്യത്തോടെ 14 പാർക്കിംഗ് ബേകൾ, സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യങ്ങൾ, അത്യാധുനികവും സ്വതന്ത്രവുമായ എയർ നാവിഗേഷൻ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയും വിമാനത്താവളത്തിന്റെ സവിശേഷതയാണ്. ഗോവയുടെ സ്വന്തമായ അസുലെജോസ് ടൈലുകളാണ് വിമാനത്താവളത്തിൽ വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്.
2000 ത്തിൽ ആറ് കോടി മാത്രമായിരുന്നു രാജ്യത്തെ വിമാനയാത്രക്കാർ. എന്നാൽ കൊറോണയ്ക്ക് തൊട്ടുമുൻപ് 2020 ൽ ഇത് 14 കോടിയിൽ അധികമായി ഉയർന്നിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഏവിയേഷൻ മാർക്കറ്റ് ആണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
എട്ട് വർഷം കൊണ്ട് എൻഡിഎ സർക്കാർ 72 വിമാനത്താവളങ്ങളാണ് നിർമിച്ചത്. 70 വർഷം അധികാരത്തിലിരുന്നവർ 70 വിമാനത്താവളങ്ങൾ മാത്രം പൂർത്തിയാക്കിയ സ്ഥാനത്താണ് ഈ നേട്ടമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യവികസനം ആവശ്യമായ പ്രദേശങ്ങളെ അവഗണിക്കുന്ന സമീപനമായിരുന്നു വർഷങ്ങളായി ഇവിടെ ഭരിച്ചിരുന്നവർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post