ന്യൂഡെല്‍ഹി: അവസാനം വരെ പോരാടിയെങ്കിലും ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഹിമാചല്‍ പ്രദേശില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ തലയില്‍ കെട്ടിവെക്കുന്നതിനെതിരെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ പി കെ ധുമാല്‍ രംഗത്ത്. വിജയത്തിനായി മകന്‍ രാവും പകലും അധ്വാനിച്ചതായി ധുമാല്‍ പറഞ്ഞു. ഹിമാല്‍ പ്രദേശ് പരാജയത്തിന്റെ പേരില്‍ അനുരാഗിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും കുറ്റപ്പെടുത്തലുകളും ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയം മൗനം അവസാനിപ്പിച്ച് ധുമാല്‍ രംഗത്തെത്തിയത്.
അനുരാഗ് താക്കൂറിന്റെ ജില്ലയായ ഹമീര്‍പൂറില്‍ ബിജെപിക്ക് അഞ്ച് സീറ്റുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് അനുരാഗിനെതിരെ മുറവിളി ഉയര്‍ന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്താണ് നടന്നതെന്ന് ഞാന്‍ നിശബ്ദനായി കാണുകയും കേള്‍ക്കുകയും ചെയ്യുകയായിരുന്നു, ഹിമാചലില്‍ അധികാരം നഷ്ടമായ ജയ്‌റാം താക്കൂറിനെതിരെ ഒളിയമ്പ് എയ്ത് ധുമാല്‍ പറഞ്ഞു. ആ തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കില്ലെന്നാണ് കരുതുന്നത്. തങ്ങളുടെ രക്തവും വിയര്‍പ്പും കൊണ്ട് പടുത്തുയര്‍ത്തതാണ് ഹമീര്‍പൂര്‍ ധുമാല്‍ പറഞ്ഞു.
Discussion about this post