നാഗ്പൂർ: ഇരുപത്തിമൂന്നുകാരനായ അമിത് ബേദെ ഇപ്പോൾ നാട്ടിലും വീട്ടിലുമൊക്കെ താരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഡോൽ കൊട്ടിയ കലാകാരൻ. കഴിഞ്ഞ ദിവസം നാഗ്പൂരിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി അമിത് ബേദെയ്‌ക്കൊപ്പം ഡോൽ കൊട്ടിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് അമിതും താരമായത്.
ഞായറാഴ്ചയാണ് പ്രധാനമന്ത്രി നാഗ്പൂരിലെത്തിയത്. നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ തുടക്കം കുറിക്കുന്നതുമുൾപ്പെടെ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനും പൂർത്തിയായവ രാജ്യത്തിന് സമർപ്പിക്കാനുമായിരുന്നു സന്ദർശനം.
നാഗ്പൂരിൽ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഡോൽ വാദക സംഘത്തെയും ഒരുക്കിയിരുന്നു. ഇവർക്കിടയിലൂടെ ഡോൽ കൊട്ടുന്നത് ആസ്വദിച്ച് നടന്നു നീങ്ങിയ പ്രധാനമന്ത്രി അമിത് ബേദെയ്ക്ക് സമീപമെത്തിയപ്പോൾ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഡോൽ കൊട്ടുന്ന കോൽ ചോദിച്ചു വാങ്ങുകയായിരുന്നു.
അടുത്ത 30 സെക്കൻഡുകൾ തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളായിരുന്നുവെന്ന് അമിത് പറയുന്നു. പ്രധാനമന്ത്രി അനായാസം ഡോലിൽ താളമിടുന്നതു കണ്ട് താൻ ആശ്ചര്യപ്പെട്ടതായും അമിത് പറഞ്ഞു. വീഡിയോ വൈറലായി എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വീഡിയോ പ്രചരിച്ചതോടെ രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധി പേർ തന്നെ വിളിച്ച് അഭിനന്ദിച്ചതായും അമിത് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി തന്നോട് മാത്രമല്ല ഡോൽ വാദക സംഘത്തിലെ മറ്റുളളവരോടും കുശലാന്വേഷണം നടത്തിയിരുന്നു. പക്ഷെ അദ്ദേഹത്തോടൊപ്പം ഡോൽ കൊട്ടാനുളള അവസരം ലഭിച്ചത് തനിക്കായിരുന്നു. അക്കാര്യത്തിൽ താൻ ഭാഗ്യവാനാണെന്നും അമിത് പറഞ്ഞു. മഹൽ സ്വദേശിയായ അമിത് ദത്താ മേഘെ പോളിടെക്‌നിക്കിലെ വിദ്യാർത്ഥിയാണ്.
പ്രതിക് ചംബോലെ നേതൃത്വം നൽകുന്ന ഗജവക്ര ഡോൽ വാദക സംഘത്തിൽ ഇക്കൊല്ലമാണ് അമിത് അംഗമാകുന്നത്. കഴിഞ്ഞ ഗണേശോത്സവത്തിനായിരുന്നു അമിതിന്റെ അരങ്ങേറ്റം. കുറഞ്ഞ കാലത്തിനുളളിൽ തന്നെ തനിക്ക് ഇങ്ങനൊരു അവസരം കൈവന്നതിന്റെ സന്തോഷത്തിലാണ് അമിത്.
Discussion about this post