ലണ്ടൻ ;ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി നഴ്സും രണ്ടു മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും മക്കളെ ഗുരുതരാവസ്ഥയിലുമാണ് പോലീസ് കണ്ടെത്തിയത്. കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വയസ്സുള്ള ആൺകുട്ടിയും നാലുവയസ്സുള്ള പെൺകുട്ടിയുമാണ് മരണപ്പെട്ടത്.
സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കൾക്കുപോലും സംഭവത്തിന്റെ വിശദ വിവരങ്ങൾ അറിയില്ല.
കൊല്ലപ്പെട്ട യുവതി കണ്ണൂർ സ്വദേശിയാണെന്നാണ് സൂചന. ഗൾഫിൽ നഴ്സായി ജോലിചെയ്തിരുന്ന യുവതിയും കുടുംബവും അടുത്തിടെയാണ് യുകെയിലെത്തിയത്. കെറ്ററിംങ് എൻഎച്ച്എസ് ആശുപത്രിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. രാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് ഹോസ്പിറ്റലിൽനിന്നും യുവതിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു. വീട്ടിൽ അന്വേഷിച്ചെത്തിയ പോലീസാണ് കുത്തേറ്റ് കിടക്കുന്ന യുവതിയെയും മക്കളെയും കണ്ടെത്തിയത്. വാതിൽ തകർത്താണ് പോലീസ് വീടിനുള്ളിൽ കടന്നത്.
വീട്ടിനുള്ളിൽ നിന്ന് വെളുപ്പിനെ മുതൽ വഴക്കും ബഹളവും കേട്ടിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. ഭ്രാന്തമായ നിലയിൽ വീടിനുള്ളിൽ നിന്ന് ഭർത്താവ് പുറത്തേക്ക് ഇറങ്ങിപോകുന്നത് കണ്ടെന്നും അയൽവാസികൾ പോലീസിനെ അറിയിച്ചു. ഇതേ തുടർന്ന് ഇയാളെ പിന്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വന്നിട്ട് അധികനാളാവാത്തത് കൊണ്ട് യുകെയിൽ ഇവർക്ക് പരിചയക്കാരും സുഹൃത്തുക്കളും കുറവാണ്. വിവരമറിഞ്ഞ് മലയാളി സമാജങ്ങളിലെ സന്നദ്ധ പ്രവർത്തകർ വീട്ടിനടുത്ത് എത്തിയെങ്കിലും ഒരു വിവരവും പുറത്തുവിടാൻ പോലീസ് തയ്യാറായില്ല. ഈ ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് ബ്രിട്ടനിലെ മലയാളികൾ. സംഭവം ഞെട്ടലുണ്ടാക്കിയെന്നാണ് നോർത്താംപ്റ്റൺഷെയർ പോലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാൻ പറഞ്ഞത്. കൂടുതൽ പറയാൻ വാക്കുകളില്ലെന്നും സ്റ്റീവ് ഫ്രീമാൻ പറഞ്ഞു.
വിദഗ്ധരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവരെ കുറിച്ച് അറിയാവുന്ന വിവരങ്ങൾ പോലീസിന് കൈമാറണമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികളെ തിരയുന്നില്ല എന്നാണ് പോലീസ് പറയുന്നത്.












