മുംബൈ: അമരാവതിയില്‍ ഫാര്‍മസി ജീവനക്കാരനായ ഉമേഷ് കോലെയെ കൊലപ്പെടുത്തിയത് ബിജെപി നേതാവായ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിലുള്ള വൈരാഗ്യം മൂലമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). പ്രതികളായ പതിനൊന്ന് പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കോലെയോടുള്ള പ്രതികാരം തീര്‍ക്കാന്‍ പ്രതികള്‍ ഭീകരസംഘടനയ്ക്ക് രൂപം നല്‍കിയതായും എന്‍ഐഎ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
പ്രവാചകന്‍ മുഹമ്മദിനെതിരായ നൂപുര്‍ ശര്‍മ്മയുടെ വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റ് വാട്ട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഇതിനുള്ള പ്രതികാരമായാണ് കൊല നടത്തിയത്. അതിനായി പതിനൊന്ന് പ്രതികള്‍ ഭീകരസംഘടന രൂപീകരിച്ചു.
കാണാതായ രണ്ട് പ്രതികള്‍ക്കെതിരെ അന്വേഷണം തുടരാന്‍ കോടതി അന്വേഷണ ഏജന്‍സിക്ക് അനുവാദം നല്‍കി.
മുദസ്സിര്‍ അഹമ്മദ്, ഷഹറൂഖ് ഖ, അബ്ദുള്‍ ഷേഖ്, മുഹമ്മദ് ഷൊയബ്, അതീബ് റഷീദ്, യൂസഫ് ഖാന്‍, ഇര്‍ഫാര്‍ ഖാന്‍, അബ്ദുള്‍ അര്‍ബാസ്, മുഷ്ഫീഖ് അഹമ്മദ്, ഷേഖ് ഷഖീല്‍, ഷഹീം അഹമ്മദ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ഇവരെല്ലാം അറസ്റ്റലിയിട്ടുണ്ട്. ഐപിസി 120ബി (ക്രിമിനല്‍ ഗൂഢാലോചന), 302(കൊലപാതകം),341, 153എ, 201, 506 എന്നി കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലുള്ള ഗന്ധഗര്‍ മേഖലയില്‍ 2022 ജൂണ്‍ 21നാണ് കോലെ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജനങ്ങളില്‍ ഭീകരത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ കൃത്യം ചെയ്തുവെന്നാണ് എന്‍ഐഎ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജൂലൈ രണ്ടിനാണ് എന്‍ഐഎ ഏറ്റെടുത്തത്.
Discussion about this post