തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ലിംഗില്‍ ഇന്ന് കേരളം വെള്ളിയും വെങ്കലവും നേടി. വനിതകളുടെ 25 കിലോമീറ്റര്‍ വ്യക്തിഗത ടൈംട്രയലില്‍ കൃഷ്ണേന്ദു ടി കൃഷ്ണ വെള്ളിയും മഹിത മോഹന്‍ വെങ്കലവും നേടി.
72 കിലോമീറ്റര്‍ എലീറ്റ് സൈക്ലിംഗില്‍ ഇന്നലെ കേരളത്തിന്റെ രജനി സ്വര്‍ണം നേടിയിരുന്നു.
അതേസമയം, ദേശീയ ഗെയിംസിലെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും. ട്രാക്കിലും ഫീല്‍ഡിലുമായി നാല് ഇനങ്ങളിലാണ് തിങ്കളാഴ്ച ഫൈനല്‍ നടക്കുന്നത്. അത്ലറ്റിക്സില് നിലവിലെ ചാംപ്യന്മാരാണ് കേരളം.
44 സ്വര്‍ണമടക്കം 132 മെഡലുകളാണ് അത്ലറ്റിക്സില് തീരുമാനിക്കപ്പെടുക. കഴിഞ്ഞ ഗെയിംസില്‍ കേരളത്തിന് ഒമ്പത് സ്വര്‍ണമടക്കം 27 മെഡലുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആതിഥേയരെന്ന ആനുകൂല്യം മുതലാക്കി ഇരട്ടിയോളം താരങ്ങളെയാണ് കേരളം മത്സരത്തിനിറക്കുന്നത്.
ഈ ടൂര്‍ണമെന്റോടെ ദേശീയ ഗെയിംസിനോട് വിടപറയുന്ന പ്രീജാ ശ്രീധരനാണ് കേരള ടീമിനെ നയിക്കുന്നത്. 10,000 മീറ്ററില്‍ മത്സരിക്കുന്ന പ്രീജ സുവര്‍ണ നേട്ടത്തോടെ ഗെയിംസിനോട് വിടപറയാനുള്ള ശ്രമത്തിലാണ്.
പുരുഷന്മാരില് 800ലും 1500ലും സജേഷ് ജോസഫ്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജോസഫ് ജി. എബ്രഹാം, ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി, 400ലും 4. 400 മീറ്റര്‍ റിലേയിലും ബിബിന്‍ മാത്യു, പോള്‍വാള്‍ട്ടില്‍ ബിമിന് കെ.പി എന്നിവരാണ് പ്രധാന താരങ്ങള്‍. വനിതകളില്‍ 400, 800, റിലേ ഇനങ്ങളില്‍ ടിന്റു ലൂക്കയുടെ സാനിധ്യം കേരളത്തിന് സുവര്‍ണ പ്രതീക്ഷ നല്കുന്നു.
Discussion about this post