കൊച്ചി: 5 ജി സേവനങ്ങൾ കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലും ആരംഭിച്ചു. റിലയ്ൻസ് ജിയോ ആണ് ജിയോ ട്രൂ 5 ജി കൊച്ചിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. സെക്കൻഡിൽ 1 ജിബി വരെ വേഗം നൽകുമെന്നാണ് ജിയോയുടെ വാഗ്ദാനം.
മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഓൺലൈനായി 5 ജി സർവ്വീസ് ഉദ്ഘാടനം ചെയ്തത്. സെപ്റ്റംബറിലാണ് 5 ജി സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. കേരളത്തിൽ 5 ജി ലഭ്യമാവുന്ന ആദ്യ നഗരമാണ് കൊച്ചി. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം എന്നീ രംഗങ്ങളിലെല്ലാം 5 ജി സേവനങ്ങൾ പ്രയോജനകരമാകുമെന്ന് കൊച്ചി മേയർ അനിൽകുമാർ പറഞ്ഞു.
5 ജി സേവനങ്ങൾ ലഭ്യമാകുന്ന ഫോണുകളിൽ ഉപഭോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുത്താമെന്ന് ജിയോ അറിയിച്ചു. ഇതിനായി സിം കാർഡ് മാറ്റേണ്ട കാര്യമില്ലെന്നും കമ്പനി വ്യക്തമാക്കി.
മൈ ജിയോ ആപ്പിൽ ഏറ്റവും മുകളിലായി ജിയോ വെൽക്കം ഓഫർ ഉണ്ടെങ്കിൽ 5 ജി പ്ലാനിലേക്ക് ക്ഷണം ലഭിച്ചുവെന്നാണ് അർത്ഥം. അയാം ഇന്ററസ്റ്റഡ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഉപയോഗിക്കാം. നെറ്റ് വർക്കിൽ 5 ജി സെലക്ട് ചെയ്ത് നൽകിയാൽ ഫോണിന്റെ മുകളിൽ റേഞ്ച് കാണിക്കുന്ന ഭാഗത്ത് 5 ജി എന്ന് രേഖപ്പെടുത്തും
ഒക്ടോബർ മുതലാണ് 5 ജി ജിയോ ഇന്ത്യയിൽ ലഭ്യമാക്കി തുടങ്ങിയത്. മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലായിരുന്നു ആദ്യം സർവ്വീസ് നൽകിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്.
Discussion about this post