ന്യൂഡെല്‍ഹി: വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍). ബൈജൂസ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍നമ്പറുകള്‍ വാങ്ങിക്കുകയാണെന്നും ബൈജൂസിന്റെ കോഴ്‌സുകള്‍ വാങ്ങിയില്ലെങ്കില്‍ ഭാവി നശിച്ച് പോകുമെന്ന് അവരെ ഭീഷണിപ്പെടുത്തുകയാണെന്നും എന്‍സിപിസിആര്‍ ആരോപിച്ചു.
ആദ്യ തലമുറ വിദ്യാര്‍ത്ഥികളെയാണ് (ഫസ്റ്റ് ജനറേഷന്‍ ലേണേഴ്‌സ്) അവര്‍ ലക്ഷ്യമിടുന്നതെന്നും അവരുടെ പിന്നാലെ നടന്ന് ഭീഷണികള്‍ മുഴക്കുകയാണെന്നും എന്‍സിപിസിആര്‍ അധ്യക്ഷ പ്രിയങ്ക കണൂണ്‍ഗൊ എഎന്‍ഐയോട് പറഞ്ഞു. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ആവശ്യം വന്നാല്‍ സര്‍ക്കാരിനോട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുമെന്നും പ്രിയങ്ക വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ബാലാവകാശ കമ്മീഷന്‍, ഡിസംബര്‍ 23ന് ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന് നോട്ടീസ് അയച്ചിരുന്നു. ബൈജൂസ് കോഴ്‌സുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് ചോദിച്ചറിയാനാണ് ബൈജു രവീന്ദ്രനെ കമ്മീഷന്‍ വിളിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി കോഴ്‌സുകള്‍ വാങ്ങാന്‍ ബൈജൂസിലെ സെയില്‍സ് ടീം അംഗങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി ആരംഭിച്ചത്.
Discussion about this post