മുംബൈ; ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. വീഡിയോകോൺ വായ്പാ തട്ടിപ്പ് കേസിലാണ് നിർണായക നടപടി.
ഐസിഐസിഐ ബാങ്കിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്നു ചന്ദാ കൊച്ചാർ. വീഡിയോകോൺ ഗ്രൂപ്പിന് വായ്പ അനുവദിക്കാൻ അനധികൃതമായി ഒത്താശ ചെയ്തുവെന്ന ആരോപണം ഉയർന്നതോടെ 2018 ലാണ് ഇവർ രാജിവെച്ചത്. 2012 ലാണ് വീഡിയോകോൺ ഗ്രൂപ്പിന് മാനദണ്ഡങ്ങൾ മറികടന്ന് 3250 കോടിയുടെ വായ്പ അനുവദിച്ചത്. ഈ തുക പിന്നീട് ബാങ്കിന് നിഷ്‌ക്രിയ ആസ്തിയായി മാറുകയായിരുന്നു.
സ്വകാര്യ കമ്പനികൾക്ക് വൻതുകയുടെ വായ്പ അനുവദിക്കാൻ ബാങ്കിനെ കബളിപ്പിച്ച് ചില വ്യക്തികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടന്നതായി 2019 ൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ സിബിഐ വ്യക്തമാക്കിയിരുന്നു.
വീഡിയോകോണിന് വായ്പ അനുവദിച്ചതിലൂടെ ചന്ദാ കൊച്ചാറിനും കുടുംബത്തിനും വഴിവിട്ട ആനുകൂല്യങ്ങൾ ലഭിച്ചതായും സിബിഐയുടെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിൽ ചന്ദാ കൊച്ചാറിന് കളളപ്പണം വെളുപ്പിക്കൽ കേസ് കൈകാര്യം ചെയ്യുന്ന കോടതി ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് ഉൾപ്പെടെയുളള വ്യവസ്ഥകളോടെ ആയിരുന്നു ജാമ്യം.
ഇഡിയും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ആരോപണം ചന്ദാ കൊച്ചാർ നിഷേധിച്ചുവെങ്കിലും ഇവർക്ക് ഓഹരി പങ്കാളിത്തമുളള നുപവർ റിന്യൂവബിൾസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് വീഡിയോകോൺ ഗ്രൂപ്പിന് വായ്പ അനുവദിച്ച പണത്തിന്റെ വിഹിതം ട്രാൻസ്ഫർ ചെയ്തതായി ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2019 സെപ്തംബർ എട്ടിന് വീഡിയോകോൺ ഗ്രൂപ്പിന് 300 കോടി രൂപ വായ്പ നൽകിയതിന്റെ പിറ്റേ ദിവസം 64 കോടി രൂപ നുപവർ റിന്യൂവബിൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് എത്തിയതായിട്ടായിരുന്നു ഇഡി കണ്ടെത്തിയത്. ചന്ദാ കൊച്ചാറിന് 50 ശതമാനം ഓഹരി പങ്കാളിത്തമുളള കമ്പനിയാണിത്.
Discussion about this post