കോട്ടയം: ഷവർമയ്ക്ക് പിന്നാലെ അൽഫാം കഴിച്ചും സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരണം. കോട്ടയത്ത് അൽഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. അൽഫാം കഴിച്ച് ഒരു മണിക്കൂറിനുളളിൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ നഴ്‌സായിരുന്ന രശ്മി (33) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ രൂക്ഷമായതിനെ തുടർന്ന് ആദ്യം രശ്മിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഐസിയുവിലായിരുന്ന രശ്മിയെ ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റി തിങ്കളാഴ്ച ഡയാലിസിസിനും വിധേയമാക്കിയിരുന്നു.
മെഡിക്കൽ കോളജ് മേഖലയിൽ നിന്ന് കുറച്ചുമാറി സംക്രാന്തിയിലുളള ഒരു ഹോട്ടലിൽ നിന്നാണ് രശ്മി അൽഫാം കഴിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച മറ്റ് ഇരുപതോളം പേർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. അൽഫാമും മലപ്പുറം മന്തിയും കഴിച്ചവർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കിംസ്, കാരിത്താസ് ആശുപത്രികളിലായി ഇവരിൽ കുറെപ്പേർ ചികിത്സയിലാണ്.
സംഭവം ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റൊരു 14 വയസുകാരനും മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.
ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മുൻപ് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് പതിവായതോടെ ഇത്തരം ഭക്ഷണ വിഭവങ്ങൾ വിശ്വാസയോഗ്യമല്ലാത്ത ഹോട്ടലിൽ നിന്ന് കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് നിരന്തരം മുന്നറിയിപ്പുകളും നൽകിയിരുന്നു.












