ശ്രീനഗർ : ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്സ് വനിതാ ക്യാപ്റ്റൻ ശിവ ചൗഹാനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിൽ വിന്യസിച്ചു. 15,632 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും അപകടകരമായ സിയാച്ചിനിലെ കുമാർ പോസ്റ്റിലാണ് ശിവ ഡ്യൂട്ടിയിലുള്ളത്.
ഇതാദ്യമായാണ് ഇത്രയും അപകടകരമായ പോസ്റ്റിൽ ഇന്ത്യൻ സൈന്യം ഒരു സ്ത്രീയെ നിയമിക്കുന്നത്. നോർത്ത് ഗ്ലേസിയർ ബറ്റാലിയന്റെ ആസ്ഥാനമാണ് കുമാർ പോസ്റ്റ്. രാജസ്ഥാനിലെ ഉദയ്പൂർ നിവാസിയാണ് ശിവ. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 11-ാം വയസ്സിൽ അച്ഛൻ മരണപ്പെട്ട ശിവയെ അമ്മയാണ് പഠിപ്പിച്ചത് .
ശിവ ചെന്നൈയിലെ ഓഫീസർ ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം നേടിയിട്ടുണ്ട്. ഈ തസ്തികയിലേക്ക് നിയോഗിക്കപ്പെടുന്നതിന് മുമ്പ് ശിവയ്ക്ക് അതികഠിനമായ പരിശീലനമാണ് നൽകിയത് . ദിവസത്തിൽ മണിക്കൂറുകളോളം മഞ്ഞിലൂടെയും, ഐസിലൂടെയും നടക്കാനും,അഭ്യാസങ്ങൾ കാട്ടാനും പരിശീലിപ്പിച്ചു. ഫയർ ആൻഡ് ഫ്യൂറി കോർപ്സിനെ ഔദ്യോഗികമായി 14-ആം കോർപ്സ് എന്ന് വിളിക്കുന്നു.
ലേയിലാണ് ഇതിന്റെ ആസ്ഥാനം. ചൈന-പാകിസ്ഥാൻ അതിർത്തികളിലാണ് ഇവർ നിലയുറപ്പിച്ചിരിക്കുന്നത്. ശിവ ചൗഹാനെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു .‘ വലിയ വാർത്ത, കൂടുതൽ കൂടുതൽ സ്ത്രീകൾ സായുധ സേനയിൽ ചേരുന്നതും എല്ലാ വെല്ലുവിളികളും നേരിടുന്നതും കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ക്യാപ്റ്റൻ ശിവ ചൗഹാന് എന്റെ ആശംസകൾ.‘ അദ്ദേഹം കുറിച്ചു.
Discussion about this post