ഭാരതത്തിന്റെ സമുദ്ര സുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ നാവികസേന. ശത്രുക്കളെ കബളിപ്പിക്കാനും നിഗൂഢമായ ദൗത്യങ്ങൾ പൂർത്തിയാക്കാനും കടലിലെ ഏറ്റവും ബുദ്ധിശാലിയായ ജീവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീരാളിയുടെ സവിശേഷതകൾ പ്രതിരോധ സാങ്കേതിക വിദ്യയിൽ പ്രയോഗിക്കാൻ നാവികസേന ഒരുങ്ങുന്നു. ‘ബയോമിമിക്രി’ എന്ന നൂതന എൻജിനീയറിങ് രീതിയിലൂടെ കൂടുതൽ കരുത്തുറ്റതും അദൃശ്യവുമായ പ്രതിരോധ പ്ലാറ്റ്‌ഫോമുകൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ കാഴ്ചപ്പാടിന് കരുത്തുപകരുന്നതാണ് നാവികസേനയുടെ ഈ പുതിയ നീക്കം. ഭാവിയിലെ മനുഷ്യനിയന്ത്രിതവും അല്ലാത്തതുമായ (Autonomous) സമുദ്ര പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് നീരാളിയുടെ ജീവശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ച് പഠിക്കാൻ പ്രതിരോധ ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും നാവികസേന നിർദ്ദേശം നൽകി കഴിഞ്ഞു. വിദേശ സാങ്കേതിക വിദ്യകളെ ആശ്രയിക്കാതെ, ഭാരതത്തിന്റെ തനതായ ഗവേഷണങ്ങളിലൂടെ സൈനിക കരുത്ത് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
മറ്റ് സമുദ്ര ജീവികൾക്കിടയിൽ സമാനതകളില്ലാത്ത ചില സവിശേഷതകളാണ് നീരാളിയെ ഗവേഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്:
അസാമാന്യമായ വഴക്കം-ഏത് ഇടുങ്ങിയ സ്ഥലങ്ങളിലൂടെയും രൂപം മാറി കടന്നുപോകാനുള്ള നീരാളിയുടെ കഴിവ്, ഭാവിയിലെ മൈക്രോ സബ്മറൈനുകൾക്കും ഇൻസ്‌പെക്ഷൻ റോബോട്ടുകൾക്കും പ്രചോദനമാകും.
അദൃശ്യനാകാനുള്ള വിദ്യ-ശരീരത്തിന്റെ നിറം, ഉപരിതല ഘടന, ഊഷ്മാവ് എന്നിവ നിമിഷങ്ങൾക്കുള്ളിൽ മാറ്റാൻ നീരാളിക്ക് കഴിയും. ഇത് വിഷ്വൽ, ഇൻഫ്രാറെഡ്, തെർമൽ നിരീക്ഷണങ്ങളിൽ നിന്ന് രക്ഷപെടാൻ സഹായിക്കുന്ന ‘സ്റ്റെൽത്ത്’ ഡ്രോണുകളുടെ വികസനത്തിന് വഴിയൊരുക്കും.
വികേന്ദ്രീകൃത ബുദ്ധി-നീരാളിയുടെ ഭൂരിഭാഗം നാഡീകോശങ്ങളും തലച്ചോറിലല്ല, മറിച്ച് അതിന്റെ കൈകളിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഈ സംവിധാനം അനുകരിച്ചാൽ, ഒരു കേന്ദ്രീകൃത നിയന്ത്രണമില്ലാതെ തന്നെ ഓരോ ഭാഗവും സ്വയം തീരുമാനമെടുക്കുന്ന ‘ഡ്രോൺ സ്വാമുകൾ’ (Drone Swarms) വികസിപ്പിക്കാൻ സാധിക്കും.
ശത്രുമേഖലകളിൽ ഒളിഞ്ഞിരുന്ന് നിരീക്ഷണം നടത്താനും മിന്നൽ ആക്രമണങ്ങൾ നടത്താനും ഇത്തരം അണ്ടർവാട്ടർ ഡ്രോണുകൾ ഇന്ത്യയെ സഹായിക്കും. സമുദ്ര സുരക്ഷയിൽ വിദേശ ശക്തികളുടെ വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രകൃതിയുടെ കരുത്തിനെ സാങ്കേതിക വിദ്യയുമായി കോർത്തിണക്കിയുള്ള ഈ നീക്കം ഇന്ത്യൻ നാവികസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കും. സമുദ്രത്തിനടിയിലെ ഏത് സങ്കീർണ്ണമായ സാഹചര്യങ്ങളിലും തടസ്സങ്ങളില്ലാതെ നീങ്ങാനും മാറുന്ന സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാനുമുള്ള ശേഷി ഇന്ത്യൻ അന്തർവാഹിനികൾക്ക് കൈവരുന്നതോടെ സമുദ്രത്തിലെ ‘മഹാശക്തി’യായി ഭാരതം മാറും.











Discussion about this post