ബംഗളൂരു: കർണാടകയിൽ എൻഐഎ റെയ്ഡിൽ രണ്ട് ഭീകരർ പിടിയിൽ. ഉഡുപ്പി സ്വദേശിയായ റെഷാൻ താജുദ്ദീൻ ഷെയ്ഖ്, ശിവമോഗ സ്വദേശിയായ ഹുസൈൻ ഫർഹാൻ ബെയ്ഗ് എന്നിവരാണ് അറസ്റ്റിലായ ഭീകരർ. കർണാടകയിലെ ദക്ഷിണ കന്നഡ, ശിവമോഗ, ദാവൻഗരെ, ബെംഗളൂരു ജില്ലകളിലെ ആറിടങ്ങളിലാണ് ഇന്ന് റെയ്ഡ് നടത്തിയത്.
ഐഎസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് എൻഐഎ റെയ്ഡ്. പരിശോധനയിൽ ഇസ്ലാമിക് സ്റ്റേറിൽ നിന്ന് ക്രിപ്‌റ്റോ വാലറ്റുകൾ വഴിയടക്കം പണം എത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. ഭീകരരുടെ വീട്ടിൽ നിന്ന് നിരവധി ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തതായും എൻഐഎ വ്യക്തമാക്കി.
കഴിഞ്ഞ വർഷം സെപ്തംബർ 19 ന് ശിവമോഗ പോലീസ് രജിസ്റ്റർ ചെയ്ത് എൻഐഎ ഏറ്റെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ മംഗളൂരു സ്വദേശിയായ സയിദ് യാസിൻ, മസ് മുനീർ, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഭീകരപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ ഐക്യവും സുരക്ഷയും പരമാധികാരവും അപകടത്തിലാക്കാനും പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
സമൂഹമാദ്ധ്യമങ്ങളിലൂടെ യാസിൻ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചു. യുവാക്കളെ റിക്രൂട്ട് ചെയ്യാനായി പ്രവർത്തിച്ചുവെന്നും കോളേജിലെ സഹപാഠികളായിരുന്നവരിൽ ചിലരെ സയിദ് യാസിൻ ഇത്തരത്തിൽ സ്വാധീനിച്ചുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു. യാസിന് ഐഎസ് പരിശീലനം ലഭിച്ചതിന്റേയും, സയിദ് യാസിൻ പാകിസ്താൻ സന്ദർശിച്ചതിൻറെ രേഖകളും പോലീസ് കണ്ടെത്തിയിരുന്നു. യാസിൻ കഴിഞ്ഞിരുന്ന ശിവമോഗയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തിയിരുന്നു.
Discussion about this post