ടെഹ്‌റാൻ: പതിറ്റാണ്ടുകൾ പഴക്കമുള്ള ഫ്രഞ്ച് ഗവേഷണസ്ഥാപനത്തിന് പൂട്ടിട്ട് ഇറാൻ ഭരണകൂടം. ഇറാനിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്. രാജ്യം ഭരിക്കുന്ന മതപണ്ഡിതരെ പരിഹസിക്കുന്ന കാർട്ടൂണുകൾ പ്രസിദ്ധീകരിച്ച ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ദോയ്ക്കുള്ള മറുപടിയാണ് നടപടിയെന്ന് ഭരണകൂടം വ്യക്തമാക്കി.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സ്ഥാപനം ,നാല് മാസത്തോളമായി പിന്തുണ നൽകുകയാണെന്ന് ഭരണകൂടം ആരോപിച്ചു. കേസ് ഗൗരവമായി തുടരുമെന്നും ഫ്രാൻസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കാർട്ടൂണുകളെ കുറിച്ചുള്ള പരാതി അറിയിക്കാൻ ഇറാൻ, ഫ്രഞ്ച് അംബാസിഡറെ വിളിച്ചുവരുത്തി. അടച്ചുപൂട്ടലിന് പിന്നാലെ സ്ഥാപനത്തിന്റെ പുറംചുവരുകളിൽ ഫ്രാൻസിനെ സ്വവർഗാനുരാഗികളുടെ നാടെന്നും നിന്ദയുടെ സ്ഥലമെന്നും വിശേഷിപ്പിച്ചുള്ള എഴുത്തുകൾ പ്രത്യക്ഷപ്പെട്ടു.
ഷാർലി ഹെബ്ദോയുടെ പുതിയ ലക്കത്തിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വിമർശിക്കുന്ന തരത്തിലുള്ള കാരിക്കേച്ചറുകൾ വരയ്ക്കാൻ മത്സരം സംഘടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ രക്തത്തിൽ മുങ്ങിയ തലപ്പാവ് ധരിച്ച ഒരു പുരോഹിതനെ തൂക്കിക്കൊല്ലുന്ന കാർട്ടൂണും, പ്രതിഷേധക്കാരുടെ ഉയർത്തിയ മുഷ്ടികൾക്ക് മുകളിലുള്ള ഭീമാകാരമായ സിംഹാസനത്തിൽ ഇരിക്കുന്ന പുരോഹിതന്റെ കാർട്ടൂണും പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം ഇറാന്റെ മതപുരോഹിതരെയും ഭരണാധികാരികളെയും അവഹേളിക്കുന്നതാണെന്നാണ് ഭരണകൂടത്തിന്റെ വാദം. കാർട്ടൂണുകൾ പുറത്തുവന്നതിന് പിന്നാലെ, തക്കതായ മറുപടി നൽകുമെന്ന് ഭരണകൂടം ഭീഷണി മുഴക്കിയിരുന്നു.
Discussion about this post