കടലിലെ യാത്രകൾക്കിടയിൽ പല അത്ഭുതങ്ങളും കാണാനുള്ള ഭാഗ്യം യാത്രക്കാർക്ക് ലഭിക്കാറുണ്ട്. കടൽക്കാഴ്ചകളിൽ തിമിംഗലങ്ങളെ കാണുക എന്നത് അപൂർവ്വമായ ഒരു ഭാഗ്യമാണ്. എന്നാൽ തിമിംഗലം കുഞ്ഞിന് ജന്മം നൽകുന്ന അത്യപൂർവ്വ കാഴ്ച കാണാനുള്ള ഭാഗ്യമാണ് കാലിഫോർണിയയിലെ ഒരു കൂട്ടം വിനോദസഞ്ചാരികൾക്ക് ലഭിച്ചത്.
35 അടി നീളമുള്ള ഗ്രേ തിമിംഗലം പ്രസവിക്കുന്നതാണ് യാത്രക്കാർ അടുത്ത് നിന്ന് കണ്ടത്. തിമിംഗലം അസാധാരണമായ രീതിയിൽ നീന്തുന്നതാണ് യാത്രക്കാർ ആദ്യം കണ്ടത്. പിന്നാലെ അതിന്റെ ശരീരത്തിൽ നിന്ന് രക്തം വരുന്നതായി യാത്രക്കാർ ശ്രദ്ധിച്ചു. തിമിംഗലത്തിന് അപകടം പറ്റിയതായിരിക്കുമെന്ന് ആദ്യ ഘട്ടത്തിൽ ചിന്തിച്ചെങ്കിലും അത് പ്രസവിക്കുകയാണെന്ന് പിന്നീട് യാത്രക്കാർക്ക് മനസിലായി. പലരും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിലും മറ്റും പകർത്തുകയും ചെയ്തു.
സമൂഹമാദ്ധ്യമങ്ങളിലും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്മ തിമിംഗലം കുട്ടി തിമിംഗലത്തിന് ശ്വാസമെടുക്കാനായി വെള്ളത്തിന്റെ തട്ടി മുകളിലേക്കെത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പുറത്ത് വരുന്നത് തന്നെ അപൂർവ്വ സംഭവമായത് കൊണ്ട് തന്നെ വീഡിയോയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ ധാരാളം കാഴ്ചക്കാരേയും ലഭിച്ചു.
തണുപ്പുകാലമാകുന്നതോടെ ചൂട് തേടി ഗ്രേ വെയ്‌ലുകൾ അലാസ്‌കയിൽ നിന്ന് മെക്‌സിക്കോയിലേക്ക് ദേശാടനം നടത്താറുണ്ട്. ഈ അവസരത്തിലാണ് സഞ്ചാരികൾ തിമിംഗലങ്ങളെ കാണാനായി ബോട്ടിലെത്തിയത്. അപൂർവ്വമായ കാഴ്ചയാണെങ്കിലും തിമിംഗലം ബോട്ടിന് അടുത്ത് എത്തിയതോടെ തങ്ങൾ ഭയന്നു പോയെന്നാണ് യാത്രക്കാർ പറയുന്നത്. പൊതുവെ അക്രമകാരികൾ അല്ലാത്തവയാണ് ഗ്രേ തിമിംഗലങ്ങൾ. ലോകത്താകെ പതിനേഴായിരത്തോളം ഗ്രേ തിമിംഗലങ്ങളുണ്ടെന്നാണ് കണക്ക്.
Discussion about this post